കോട്ടയം : നവ കേരള സദസ്സിലെ പ്രഭാത സദസിന് ശേഷം ഏറ്റുമാനൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ദൃശ്യങ്ങൾ പകർത്തിയ ജാഗ്രത ന്യൂസ് ക്യാമറമാനും മർദ്ദനമേറ്റു. ജാഗ്രത ന്യൂസ് ക്യാമറമാൻ സൂര്യ ശങ്കരനാണ് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് കമാന്റോകളുടെ മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയെ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഉണ്ടായിരുന്ന കമാൻഡോ സംഘം വളഞ്ഞിട്ടു മർദ്ദിച്ചു. ബുധനാഴ്ച രാവിലെ 12 മണിയോടെ കോട്ടയം എസ് എച്ച് മൗണ്ടിൽ ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി എത്തിയതോടെ ഇടവഴിയിൽ നിന്നു ചാടിവീണു നവ കേരള ബസ് തടഞ്ഞിട്ട് കരിങ്കൊടി കാട്ടുകയായിരുന്നു. കരിങ്കൊടി കാട്ടുന്ന ദൃശ്യങ്ങൾ പകർത്താൻ ജാഗ്രത ന്യൂസ് ക്യാമറമാൻ ശ്രമിക്കുന്നതിനിടെ പോലീസിന്റെ എസ്കോർട്ട് വാഹനത്തിൽ നിന്നും പുറത്തെത്തിയ കമാൻഡോ സംഘം , ക്യാമറാമാനെയും മർദിച്ചു. കഴുത്തിൽ തിരിച്ചറിയൽ കാർഡ് ധരിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥൻ ക്യാമറാമാനെ മർദ്ദിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ എത്തിയത് കണ്ട് ചിതറി ഓടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നാലെ എത്തിയും കമാൻഡോ സംഘം ലാത്തിക്ക് അടിച്ചു. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ ഷിജിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാരെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ പി കെ വൈശാഖിനെയും , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മറിയപ്പള്ളിയുടെയും നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ എത്തിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.