ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിരവധി പേര് പതിവായി നേരിടുന്ന പ്രയാസങ്ങളാണ്. ദഹനക്കുറവ്, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും, ഗ്യാസ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ഇത്തരത്തില്‍ നേരിടുക. ഭക്ഷണത്തിലെ പോരായ്മകള്‍ തന്നെയാണ് കാര്യമായും ഈ വിധത്തിലുള്ള പ്രയാസങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. പക്ഷേ പലരിലും രാത്രിയിലത്തെ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും പതിവാകാറുണ്ട്. എന്തുകൊണ്ടാണ് രാത്രിയില്‍ ഇത് അനുഭവപ്പെടുന്നത്? കാരണമുണ്ട്.
രാത്രിയില്‍ നമ്മള് കിടക്കുമ്പോള്‍ വയറ്റില്‍ നിന്ന് ദഹനരസം എളുപ്പത്തില്‍ മുകളിലേക്ക് തികട്ടിവരികയാണ്. ഇതോടൊപ്പം കഴിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളും വരാം. സ്പൈസസ് കൂടുതലായി ചേര്‍ത്ത ഭക്ഷണമാണ് രാത്രിയില്‍ കഴിച്ചതെങ്കില്‍ പിന്നെ പറയാനുമില്ല. എന്തായാലും രാത്രിയില്‍ നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും പതിവാണെങ്കില്‍ ഇത് പരിഹരിക്കാൻ ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്താഴം കഴിവതും നേരത്തെ കഴിക്കുക. കുറഞ്ഞത് കിടക്കാനുള്ള സമയത്തിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിലത്തെ നെഞ്ചെരിച്ചില്‍- പുളിച്ചുതികട്ടല്‍ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ദഹനപ്രശ്നത്തിനും ആശ്വാസം ലഭിക്കും.
അത്താഴം വളരെ ‘ഹെവി’യായി, അതായത് കനത്തില്‍ കഴിക്കുന്നതും നല്ലതല്ല. ഇങ്ങനെ കഴിക്കുന്നവരിലും രാത്രി പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും പതിവാകാം. അതിനാല്‍ അത്താഴം ലളിതമാക്കാം. ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ചും അത്താഴം ലളിതമാക്കേണ്ടതുണ്ട്.
അത്താഴം ലളിതമാക്കുന്നതിനൊപ്പം തന്നെ ദിവസം മുഴുവനുള്ള ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നതാണ് നല്ലത്. അതായത് നാല് നേരം കഴിക്കുക, അല്ലെങ്കില്‍ മൂന്ന് നേരം കഴിക്കുക എന്നത് മാറ്റി- അല്പാല്പമായി ആറ് നേരമോ ഏഴ് നേരമോ എല്ലാം ആക്കി ഭക്ഷണക്രമം മാറ്റുക. ഇതും ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ഏറെ സഹായിക്കും.
ചില ഭക്ഷണ- പാനീയങ്ങള്‍ നെഞ്ചെരിച്ചിലിന് സവിശേഷിച്ചും കാരണമാകാറുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ സ്പൈസസ് കൂടുതലുള്ളവ, കൊഴുപ്പ് കൂടുതലുള്ളവ (പ്രോസസ്ഡ്- ഫ്രൈഡ് ഫുഡ്സ് – പാക്കറ്റ് ഫുഡ്സ്) എന്നിവയെല്ലാം ഇത്തരത്തില്‍ ഒഴിവാക്കേണ്ടവയാണ്. ഇവ ശ്രദ്ധിച്ച്- തിരിച്ചറിഞ്ഞ ശേഷം ഉപേക്ഷിക്കുക. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കുഴപ്പം വരാറില്ല. അതേസമയം മറ്റ് ചിലര്‍ക്ക് ഇതേ ഭക്ഷണം തന്നെ പ്രശ്നമാകാം. ഈ വ്യത്യാസങ്ങളെല്ലാം നമ്മള് സ്വയം മനസിലാക്കി മാറ്റങ്ങള്‍ വരുത്തണം.
രാത്രിയിലെ നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കാൻ ഭക്ഷണകാര്യങ്ങളിലെല്ലാം ശ്രദ്ധ നല്‍കാം. ഇതിന് പുറമെ കിടക്കുമ്പോള്‍ തലയിണ അല്പം ഉയര്‍ത്തിവച്ച് കിടക്കുകയാണെങ്കില്‍ അത് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും അല്പം ശമിപ്പിക്കും.