കോട്ടയം : മൂലവട്ടത്ത് വീട്ടുമുറ്റത്ത് കണ്ടെത്തിയ മൂർഖന്മാരെ പിടികൂടി ചാക്കിലാക്കി വനം വകുപ്പിന്റെ സർപ്പ ടീം. വീട്ടുമുറ്റത്ത് മുതൽ വീടിൻറെ പുന്നാമ്പുറം വരെ വിഹരിച്ചു നടന്ന രണ്ട് മൂർഖന്മാരെയാണ് സാഹസികമായി വനംവകുപ്പ് സംഘം ചാക്കിലാക്കിയത്. കോട്ടയം മൂലവട്ടം കാട്ടുപുന്നേൽ അനിൽകുമാർ ടി എന്നിന്റെ പുരയിടത്തിലാണ് മൂർഖൻ പാമ്പുകൾ അപ്രതീക്ഷിതമായി എത്തിയത്. ശനിയാഴ്ച വൈകിട്ട് ആണ് ഈ പുരയിടത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് സ്നേക്ക് റെസ്ക്യൂ ടീമിലെ അംഗങ്ങളായ കെ.എസ്. പ്രശോഭ് , ഇ.എസ് ശ്രീരാഗ് എന്നിവർ സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ട് മൂർഖൻ പാമ്പുകളെ കണ്ടെത്തി. പാമ്പുകൾ ഇണ ചേരുന്നതാണെന്ന് കണ്ടെത്തി ഇവർ പിടികൂടാൻ ശ്രമിച്ചതോടെ സമീപത്തെ മാളത്തിൽ ഒളിക്കാനായി ഒരു മൂർഖന്റെ ശ്രമം. ഒടുവിൽ രണ്ട് മൂർഖൻ പാമ്പുകളെയും സാഹസികമായി പിടികൂടി സംഘം ചാക്കിലാക്കി. തുടർന്ന് പാമ്പിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി.