കോട്ടയം : കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെസ്സി മോൾ മാത്യുവിനെയാണ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ സസ്പെൻഡ് ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചയാളെ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് ആക്കിയതായി ആരോപിച്ചാണ് ജെസ്സി മോൾ കോട്ടയത്ത് പത്രസമ്മേളനം നടത്തുകയും ജാഗ്രത ന്യൂസ് ലൈവിൽ പ്രതികരണം നടത്തുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് അഞ്ചുദിവസത്തേക്ക് സസ്പെൻഡ് ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് നോട്ടീസ് നൽകിയത്. എന്നാൽ തന്നോട് വിശദീകരണം ആവശ്യപ്പെടാതെയാണ് നടപടിയെടുത്തതെന്ന് ജെസ്സി ആരോപിക്കുന്നു. ഇത് സംബന്ധിച്ച പരാതികൾ ഒന്നും തന്നെ ജെസിമോൾ മഹിളാ കോൺഗ്രസിനെ അറിയിച്ചിട്ടില്ലെന്ന് ജില്ലാ പ്രസിഡൻറ് അറിയിച്ചു. അതുകൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ പരാതി പറയാതെ മാധ്യമങ്ങളോട് പറഞ്ഞതിനാലാണ് അച്ചടക്ക നടപടി എടുക്കുന്നതെന്നും ജില്ലാ പ്രസിഡണ്ട് പറഞ്ഞു.