ന്യൂഡൽഹി: അലിപൂർ മാർക്കറ്റിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പതിനൊന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
മരിച്ചവരെ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്കും പരിക്കേറ്റവരെ ഡൽഹിയിലെ രാജാ ഹരിഷ് ചന്ദ്ര ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫാക്ടറിയിൽ നിന്ന് വലിയരീതിയിൽ തീജ്വാലകൾ പുറത്തേക്ക് വരുന്നതും പ്രദേശമാകെ പുക മൂടുന്നതും വീഡിയോയിൽ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകിട്ട് 5.25-ഓടെ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് നാല് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീ പടർന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നെന്നും അടുത്തുള്ള വീട്ടിലേക്കുൾപ്പെടെ തീ പടർന്നെന്നും അവര്‍ കൂടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജനുവരി 26-ന് ഡൽഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ നാല് പേർ ശ്വാസം മുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനുവരി 18-ന് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പിതാംപുരയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരാണ് മരിച്ചത്.