ന്യൂസ് ഡെസ്ക് : മുഖം നന്നായി തിളങ്ങാനും ഭംഗിയോടെയും ആരോഗ്യത്തോടെയും ഇരിക്കാനുമെല്ലാം നല്ല സ്കിൻ കെയര്‍ റുട്ടീൻ ആവശ്യമാണ്. ചര്‍മ്മത്തെ വേണ്ടവിധം പരിപോഷിപ്പിക്കാതെ അങ്ങനെ തന്നെ വിട്ടാല്‍ പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനുമെല്ലാം കാരണമാകും.ഒന്നുകില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങള്‍ തന്നെ സ്കിൻ കെയറിനായി ഉപയോഗിക്കാം. അതല്ലെങ്കില്‍ നാച്വറല്‍ ആയ രീതിയില്‍ വീട്ടില്‍ തന്നെ സ്കിൻ കെയര്‍ ചെയ്യാം. ഇത്തരത്തില്‍ വീട്ടിലെ സ്കിൻ കെയര്‍ റുട്ടീനില്‍ അധികപേരും ഉള്‍ക്കൊള്ളിക്കുന്നൊരു ചേരുവയാണ് കടലമാവ്. മുഖത്തെ നശിച്ച കോശങ്ങള്‍ കളയാനും, മുഖം തിളക്കമുള്ളതാക്കാനും എല്ലാം ഏറെ സഹായിക്കുന്നൊരു ചേരുവയാണിത്.
കടലമാവ് പല രീതിയില്‍ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. കടലമാവ് കൊണ്ടുള്ള അഞ്ച് കിടിലൻ ഫേസ് പാക്കുകളാണ് പരിചയപ്പെടുത്തുന്നത്. ഇവ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ തയ്യാറാക്കാം എന്നതാണ് മറ്റൊരു ഗുണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടലമാവ്- തൈര്…
കടലമാവ് – തൈര് ഫേസ് പാക്കിന് ആകെ കടലമാവും തൈരും മാത്രമേ വേണ്ടൂ. തൈര് ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാൻ സഹായിക്കുന്നൊരു ഘടകമാണ്. മാത്രമല്ല മുഖചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ കളയാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം തൈര് സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവിലേക്ക് 1-2 ടീസ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചാല്‍ ഫേസ് പാക്ക് റെഡി. ഇത് മുഖത്തിട്ട് 15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാവുന്നതാണ്.
കടലമാവ്- പാല്‍…
തൈരിന് പകരം പാല്‍ ഉപയോഗിക്കുന്നു എന്ന മാറ്റമേ ഈ ഫേസ് പാക്കിലുള്ളൂ. പാലും ചര്‍മ്മത്തിന് പലവിധ ഗുണങ്ങളേകുന്നുണ്ട്. ചര്‍മ്മം ക്ലെൻസ് ചെയ്യാനും തുറന്നിരിക്കുന്ന രോമകൂപങ്ങളെ അടച്ച്, അഴുക്കും വിയര്‍പ്പും അടിയുന്നത് തടയാനുമെല്ലാം പാല്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവിലേക്ക് 2 ടേബിള്‍സ്പൂണ്‍ പാല്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കിയാല്‍ ഇത് മുഖത്തിടാം. 20 മിനുറ്റ് കഴിഞ്ഞ ശേഷം വെള്ളം കൊണ്ട് മുഖം കഴുകിയെടുക്കാം. തണുത്ത വെള്ളത്തില്‍ തന്നെ മുഖം കഴുകാൻ ശ്രദ്ധിക്കുക. ഇതിന് ശേഷം ഉണങ്ങിയ ടവല്‍ കൊണ്ട് മുഖം തുടയ്ക്കുക.
കടലമാവ്- മഞ്ഞള്‍…
കടലമാവും മഞ്ഞളും അല്‍പം ചെറുനാരങ്ങാനീരും തേനും ആണ് ഈ ഫേസ് പാക്കിന് ആവശ്യമായിട്ടുള്ള ചേരുവകള്‍. മുഖക്കുരു, മുഖക്കുരുവിന്‍റെ പാടുകള്‍ എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക് അനുയോജ്യമായൊരു ഫേസ് പാക്ക് ആണിത്. ധാരാളം ഔഷധമൂല്യമുള്ള മഞ്ഞള്‍ കടലമാവിനൊപ്പം ചേരുമ്ബോള്‍ അത് മുഖം വൃത്തിയാക്കി എടുക്കാനും തിളക്കമുള്ളതാക്കാനുമാണ് സഹായിക്കുക. മഞ്ഞളും കടലമാവും തുല്യ അളവില്‍ എടുത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കിയെടുത്ത് മുഖത്തും കഴുത്തിലും ഇടുകയാണ് വേണ്ടത്. 10 മിനുറ്റ് കഴിയുമ്ബോഴേക്ക് മുഖം കഴുകിയെടുക്കാവുന്നതാണ്.
കടലമാവും പാല്‍പ്പാടയും…
കടലമാവിനൊപ്പം പാല്‍പ്പാട കൂടി ചേര്‍ത്ത് തയ്യാറാക്കുന്ന ഫേസ് പാക്ക് ആണിത്. പാല്‍പ്പാടയും മുഖം തിളക്കമുള്ളതാക്കാൻ ഒരുപാട് സഹായിക്കാറുണ്ട്. ഇത് തയ്യാറാക്കാനായി രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവിലേക്ക് അല്‍പം ചെറുനാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ചേര്‍ക്കണം. ഇനിയിത് പേസ്റ്റ് പരുവത്തില്‍ യോജിപ്പെടുത്ത ശേഷം മുഖത്തും കഴുത്തിലും ചെവിയിലുമായി ഇടാം. 15-30 മിനുറ്റിന് ശേഷം വെറുതെ വെള്ളത്തില്‍ കഴുകിയെടുക്കാം.
കടലമാവും പാലും നാരങ്ങയും…
സ്കിൻ ഒന്നുകൂടി നിറം വയ്ക്കുന്നതിന് സഹായകമായിട്ടുള്ളൊരു ഫേസ് പാക്കാണിത്. കടലമാവും പാലും ചെറുനാരങ്ങാനീരുമാണ് ഇത് തയ്യാറാക്കാൻ വേണ്ടത്. രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവിലേക്ക് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ഒരല്‍പം പാലും (തിക്ക് പേസ്റ്റ് ആകാൻ വേണ്ടത്ര) ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇനിയിത് മുഖത്തിട്ട് 15 മിനുറ്റ് കഴിഞ്ഞ് കഴുകിക്കളയാം.