കോട്ടയം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണ ദിവസം , സി പി ഐ ഔദ്യോഗികമായി ദുഖാചരണം പ്രഖ്യാപിച്ചിരിക്കെ പാട്ടും നൃത്തവും അടങ്ങുന്ന പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് നടപടി നേരിട്ട വില്ലേജ് ഓഫിസർ മാസങ്ങളായി അവധിയിൽ പ്രവേശിച്ചതോടെ വില്ലേജ് ഓഫീസർ ഇല്ലാതെ കോട്ടയം വില്ലേജ് ഓഫീസ് അനാഥമായി. ജോയിൻ്റ് കൗൺസിലിൻ്റെ എല്ലാ ചുമതലകളിൽ നിന്നും നീക്കിയതിന് പിന്നാലെ ആണ് വില്ലേജ് ഓഫിസർ അവധിയിൽ പ്രവേശിച്ചത്. ജോയിൻ്റ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡൻ്റും സംസ്ഥാന കൗൺസിൽ അംഗവും കോട്ടയം ടൗൺ വില്ലേജ് ഓഫിസറുമായ എം. നിയാസിന് എതിരെയാണ് നടപടി എടുത്തത്. ജോയിൻ്റ് കൗൺസിലിൻ്റെ സാംസ്കാരിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം ഐ എം എ ഹാളിൽ നടന്ന പരിപാടി ആണ് വിവാദമായത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണ ദിവസം പാട്ടും ഡാൻസും അടക്കമുള്ള കലാപരിപാടികളുമായി ജോയിൻ്റ് കൗൺസിൽ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി സി പി ഐ നേതൃത്വത്തിൽ ദുഖാചരണം പ്രഖ്യാപിച്ചപ്പോഴാണ് വലിയ കലാപരിപാടികളുമായി ജോയിൻ്റ് കൗൺസിൽ സാംസ്കാരിക വിഭാഗം കലാമേള സംഘടിപ്പിച്ചത്. ഇത് വിവാദമായി മാറുകയും സി പി ഐയ്ക്കും ജോയിൻ്റ് കൗൺസിലിനും ഒരു പോലെ നാണക്കേട് ആകുകയും ചെയ്തു. ഇതോടെ ജോയിൻ്റ് കൗൺസിൽ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. എം. നിയാസിന് എതിരെ വലിയ അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. ജോയിൻ്റ് കൗൺസിലിൻ്റെ തിരഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നിയാസിനെ നീക്കി. ഇതേ തുടർന്ന് നിയാസ് കോട്ടയം വില്ലേജ് ഓഫിസർ സ്ഥാനത്ത് നിന്ന് അവധിയിൽ പോകുകയായിരുന്നു. ഇതേ തുടർന്ന് കോട്ടയം വില്ലേജ് ഓഫിസിൽ നിലവിൽ വില്ലേജ് ഓഫിസർ ഇല്ലാത്ത സ്ഥിതിയാണ്. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്ന സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇടപെടൽ ഉണ്ടാകണമെന്നും ആണ് ശക്തമായ ആവശ്യം ഉയരുന്നത്.