സ്വദേശ് ദർശൻ 2.0 കുമരകം ടൂറിസംപദ്ധതികളുടെ ഉദ്ഘാടനം നാളെ

കോട്ടയം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്‌കീം 2.0ൽ കുമരകം ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നാളെ (വ്യാഴാഴ്ച മാർച്ച് 7) നടക്കും. രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. കവണാറ്റിൻ കരയിലുള്ള കെ.ടി.ഡി.സി. വാട്ടർസ്‌കേപ്‌സിലെ ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പദ്ധതി വിശദീകരിക്കും.ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശി, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, കെ.ടി.ഡി.സി. എം.ഡി. ശിഖാ സുരേന്ദ്രൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു (കുമരകം), വിജി രാജേഷ് (അയ്മനം), അഞ്ജു മനോജ് (ആർപ്പൂക്കര), ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഘല ജോസഫ്, കവിത ലാലു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മനോജ് കരീമഠം (അയ്മനം), വി.കെ. ജോഷി (കുമരകം), ഗ്രാമപഞ്ചായത്തംഗങ്ങളായ ജസ്റ്റിൻ ജോസഫ്, സുനിത ബിനു, മിനി ബിജു, ആർഷ ബൈജു, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ.: കെ. രൂപേഷ് കുമാർ, ടൂറിസം വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്, ഹൗസ് ബോട്ട് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ, ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി, ശിക്കാര-ടാക്‌സി അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.സുസ്ഥിര ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് സ്വദേശി ദർശൻ 2.0. കേരളത്തിൽ കുമരകവും ബേപ്പൂരും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുമരകത്തെ വിവിധ ടൂറിസം പദ്ധതികൾക്കായി 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കുമരകത്തെ പദ്ധതികളുടെ കൺസൾട്ടൻസിയായി ഐ.എൻ.ഐ. ഡിസൈൻ സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. നാലു ഘട്ടങ്ങളിലായിട്ടാണ് ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത്. പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനായി ഏജൻസി തയാറാക്കിയ മാസ്റ്റർ പ്ലാൻ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ആദ്യഘട്ട പദ്ധതിയായി തെരഞ്ഞെടുത്തിട്ടുള്ളത് കുമരകം പക്ഷിസങ്കേതത്തിന്റെ വികസനമാണ്. ഇതിന്റെ മാസ്റ്റർ പ്ലാനിന് അംഗീകാരമായിരുന്നു. വേമ്പനാട്ടു കായൽ കരയിൽ 14 ഏക്കർ വിസ്തൃതിയുള്ള കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പക്ഷി സങ്കേതം കെ.റ്റി.ഡി.സി യുടെ പ്രവർത്തനത്തിലുള്ളതാണ്. നവീകരിച്ച് ഒരു എക്കോ-ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 13.53 കോടി രൂപയാണ് ചെലവഴിക്കുക. 2.84 കിലോമീറ്റർ നീളത്തിൽ 2.4 മീറ്റർ വീതിയിൽ ഭിന്നശേഷി സൗഹൃദമായി നടപ്പാത നിർമിക്കും. പെഡസ്ട്രിയൻ ബ്രിഡ്ജുകളുടെ പുനർനിർമ്മാണം, ഇന്റർപ്രട്ടേഷൻ സെന്റർ നവീകരണം, ബോട്ട് ജെട്ടി-ഡെക്ക് നിർമാണം, 400 മീറ്റർ നീളത്തില കായൽ അതിർത്തിയിൽ ബോർഡ് വോക്ക്, വാച്ച് ടവർ നിർമാണം, പ്രവേശനഭാഗത്ത് ജലാശയത്തിന് അരികിൽ ഇന്ററാക്ടീവ് സോൺ- ടെർമിനൽ ഡെക്ക് നിർമാണം, പക്ഷികളുടെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ കിയോസ്‌ക് സ്ഥാപിക്കൽ, സങ്കേതത്തിനുള്ളിലെ കനാലുകളുടെ പുനരുജ്ജീവനം, ഇലക്ട്രിക്കൽ-ലാൻഡ്‌സ്‌കേപ്പ് പ്രവർത്തികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ ഘട്ടങ്ങളിലായി മറ്റു പദ്ധതികളും നടപ്പാക്കും.

Advertisements

Hot Topics

Related Articles