പാലക്കാട് : മൂന്ന് മാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിനാല്‍ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി.മുൻഗണന വിഭാഗത്തില്‍ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത റേഷൻകാർഡിലേക്ക് (എൻ പി എൻ എ സ്നോണ്‍ പ്രയോറിറ്റി നോണ്‍ സബ്സിഡി) തരംമാറ്റപ്പെടുകയും ചെയ്തു. ഇനി മുൻഗണ ലഭിക്കണമെങ്കില്‍ പുതിയ അപേക്ഷ നല്‍ക്കേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യത്തോടെയുള്ള റേഷൻവിഹിതം കൈപ്പറ്റുന്ന അന്ത്യോദയ അന്നയോജന പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്, നോണ്‍ പ്രയോറിറ്റി സബ്സിഡി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന റേഷൻകാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് മൂന്ന് മാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിനാല്‍ ഇല്ലാതായത്. റേഷൻ വാങ്ങുമെന്ന് ഉറപ്പുള്ളവർക്കുമാത്രമേ കാർഡ് പുതുക്കി നല്‍കുകയുള്ളൂ.
പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍പ്പെട്ട റേഷൻകാർഡുകളാണ് ഏറ്റവും കൂടുതല്‍ തരംമാറ്റപ്പെട്ടത്. ഈ വിഭാഗത്തില്‍നിന്ന് 48,724 പേരുടെ ആനുകൂല്യം നഷ്ടമായി. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ നിന്ന് 6,672 വും നോണ്‍ പ്രയോറിറ്റി സബ്സിഡിയിലുള്ള 4,292 ഉം റേഷൻകാർഡുകള്‍ ആനുകൂല്യമില്ലാത്ത നോണ്‍ പ്രയോറിറ്റി നോണ്‍ സബ്സിഡി വിഭാഗത്തിലേക്ക് തരംമാറ്റുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേർക്ക് ആനുകൂല്യമില്ലാതായത്. 8,571പേര്‍ക്കാണ് ആനുകൂല്യം നഷ്ടമായത്. ഏറ്റവും കുറവ് വയനാട്ടിലാണ് 878 പേരുടെ ആനുകൂല്യം നഷ്ടമായി. ഏത് റേഷൻകടയില്‍ നിന്ന് വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നിട്ടും മുൻഗണനാവിഭാഗത്തില്‍പെട്ടവർ വാങ്ങാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്നാണ് നടപടിയെടുക്കാൻ പൊതുവിതരണ വകുപ്പ് തിരുമാനിച്ചത്. ആനുകൂല്യം നഷ്ടമായവർക്ക് വീണ്ടും അപേക്ഷ നല്‍കി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങള്‍ തിരികെ നേടാവുന്നതാണ്.