കോട്ടയം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു . ക്ഷാമബത്ത കുടിശിക നിഷേധിച്ച ഉത്തരവിൽ പ്രതിഷേധിച്ചുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ എന്ന് മുതലുള്ള ക്ഷാമബത്തയാണെന്നും കുടിശികയെകുറിച്ച് പറയാത്തതുമായ ചരിത്രത്തിലെ ആദ്യ ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്. ഐ.എ എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് കുടിശികയില്ലാതെ ക്ഷാമബത്ത അനുവദിച്ചപ്പോൾ സംസ്ഥാന ജീവനക്കാർക്ക് കഴിഞ്ഞ 3 വർഷത്തെ 21 ശതമാനം ക്ഷാമബത്ത കുടിശികയിൽ കേവലം 2 ശതമാനം മാത്രം അനുവദിച്ചത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ്, ട്രഷറർ സഞ്ജയ് എസ് നായർ , സംസ്ഥാന കമ്മറ്റി അംഗം കെ സി ആർ തമ്പി , ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ , സ്മിത രവി , ടി. കെ അജയൻ എന്നിവർ പ്രസംഗിച്ചു. കെ എസ് ജയകുമാർ , സജിമോൻ സി ഏബ്രഹാം , സിജിൻ മാത്യു , പി എൻ ചന്ദ്രബാബു , അരവിന്ദാക്ഷൻ , ബിന്ദു എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.