ഹരിപ്പാട് ഹുദ ട്രസ്റ്റ് പബ്ലിക് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ കാത്തിരിപ്പിലാണ്. പരീക്ഷയുടെ റിസള്‍ട്ടിനായുള്ള കാത്തിരിപ്പല്ല.കുട്ടികള്‍ കളിച്ചുമറിയുന്ന മൈതാനത്ത് ദേശാടനപക്ഷിയുടെ മുട്ടകള്‍ വിരിയുന്നതും കാത്തുള്ള കാവലിരിപ്പാണ്. സ്കൂള്‍ മൈതാനത്ത് ദേശാടനപക്ഷി മുട്ടയിടുന്നത് ഇത് മൂന്നാം തവണയാണ്. ആദ്യ തവണ മധ്യവേനല്‍ അവധിയായതിനാല്‍ കുട്ടികളെകൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, രണ്ടാംതവണ ഫുട്ബാള്‍ മത്സരത്തിന് സ്കൂള്‍ മൈതാനം വിട്ടുകൊടുത്തതിന് ശേഷമാണ് ദേശാടനപക്ഷി പറന്നിറങ്ങിയതും മുട്ടയിട്ടതും.
അതും മൈതാനത്തിന്റെ ഒത്ത നടുക്ക്. മുട്ടകള്‍ക്ക് കേടുവരുത്തില്ല എന്ന ഉറപ്പിലാണ് കുട്ടികളെ അന്ന് കളിക്കാൻ അനുവദിച്ചത്. ഉറപ്പില്‍ അത്ര വിശ്വാസം പോരാഞ്ഞ് സ്കൂള്‍ പി.ആർ.ഒ.സമീർ പല്ലന മുട്ടയ്ക്ക് ചുറ്റുമായി സംരക്ഷണ മറയും തീർത്തു. എന്നാല്‍, മുട്ടകളൊന്നും വിരിഞ്ഞില്ല. മറതീർത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നാണ് സമീറിന്റെ നിഗമനം. രണ്ടുതവണ പാളിപ്പോയ ദൗത്യം ഇത്തവണ വിജയപ്പിച്ചെടുക്കാനുള്ള വാശിയില്‍ തുറസായി തന്നെ വലിയ മുട്ട കിടക്കട്ടെയെന്ന് തീരുമാനിച്ചു. എന്നാല്‍ സ്കൂള്‍ അവധിയല്ലാത്തതിനാല്‍ അത് തലവേദനയായി. എന്തായാലും മുട്ടകളെ സംരക്ഷിക്കാൻ പെടാപ്പാട്പെടുകയാണ് സ്കൂള്‍ അധികൃതർ. ആരെങ്കിലും അറിയാതെ പോലും മുട്ടകളില്‍ തട്ടാതിരിക്കാൻ ഒരു കമ്ബ് നാട്ടിയിട്ടുണ്ട്. സ്കൂളിലേക്ക് കുട്ടികള്‍ വരുന്നതും പോകുന്നതുമായ സമയത്ത് മുട്ടയ്ക്ക് ചുറ്റും സംരക്ഷിത വലയം തീർക്കാൻ മുതിർന്ന വിദ്യാർത്ഥികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുകൂടാതെ തള്ളപ്പക്ഷിയുടെ നിരീക്ഷണം വേറെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൈതാനത്തിലെ കളികളെല്ലാം ഒരാഴ്ചയിലേറെയായി നിർത്തിവച്ചിരിക്കുകയാണ്. ഇനിമുട്ടവിരിഞ്ഞിട്ടേ കളിയുള്ളു. മുട്ട വിരിയാൻ രണ്ടാഴ്ചയിലേറെ എടുക്കും. എന്തായാലും കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ ആകാംക്ഷയിലാണ്. മുട്ടവിരിയുന്നതിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഇതിലൂടെ പരിസ്ഥിതി സ്നേഹം കൂടിയാണ് കുട്ടികള്‍ക്ക് പകർന്നു നല്‍കുന്നത്.- സുമിന സുബിൻ,പ്രിൻസിപ്പാള്‍