പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുവിധ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പരിശീലനവും സംശയ നിവാരണവും കളക്ടറേറ്റില്‍ സംഘടിപ്പിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ നിജു എബ്രഹാം ക്ലാസ് നയിച്ചു. സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള പരിശീലനമാണ് നല്‍കിയത് .
നാമനിര്‍ദേശപത്രിക, സത്യവാങ്മൂലം എന്നിവയുടെ സമര്‍പ്പണം, പൊതുപരിപാടികള്‍, റാലികള്‍, മറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അനുമതിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, അവയുടെ പുരോഗതി പരിശോധന ഇവയെ കുറിച്ചും ക്ലാസില്‍ വിശദമാക്കി. സുവിധ ആപ്ലിക്കേഷനിലൂടെയും suvidha.eci.gov.in എന്ന വെബ്സൈറ്റിലൂടെയും നാമനിര്‍ദേശ പത്രികകളും അനുമതികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓണ്‍ലൈനായി വരണാധികാരിക്ക് സമര്‍പ്പിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയിലും ആപ്പ് ലഭ്യമാണ്. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവയും ഈ സൈറ്റിലൂടെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്.
നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
സുവിധ ആപ്ലിക്കേഷൻ : നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റർ പരിശീലനം നടത്തി
Advertisements