കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുക 15036 പേർ. 85 വയസു പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമാണ് അസന്നിഹിത വോട്ടർമാർ(ആബ്സെന്റീ വോട്ടർമാർ) ആയി പരിഗണിച്ച് വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. 85 വയസു പിന്നിട്ട 12457 പേരും ഭിന്നശേഷിക്കാരായ 8499 പേരുമാണ് ജില്ലയിൽ അന്നിഹിത വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള 12 ഡി അപേക്ഷ പൂരിപ്പിച്ചു നൽകിയത്. ആകെ 20956. ഇതിൽ വീട്ടിൽ തന്നെ വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാൻ തീരുമാനിച്ചത് 15036 പേരാണ്. 85 വയസു പിന്നിട്ട 10792 പേരും ഭിന്നശേഷിക്കാരായ 4244 പേരും.അപേക്ഷകരിൽ നിന്നു 12ഡി ഫോമുകൾ ശേഖരിച്ച ബൂത്ത് ലെവൽ ഓഫീസർമാർ ഏപ്രിൽ ഒന്നോടു കൂടി റിട്ടേണിങ് ഓഫീസർമാരുടെ പക്കൽ എത്തിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ പാലാ, കടുത്തുരുത്തി, വൈക്കം എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പൂഞ്ഞാർ, കാഞ്ഞിരപ്പളളി നിയമസസഭാ മണ്ഡലങ്ങളിലെയും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയമസഭാ നിയോജകമണ്ഡലത്തിലെയും 15036 പേരാണ് 12 ഡി ഫോം പൂരിപ്പിച്ച് വീട്ടിൽ തന്നെ വോട്ട് തെരഞ്ഞെടുത്തിട്ടുള്ളത്.നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്ക്( 85 വയസു പിന്നിട്ടവർ, ഭിന്നശേഷിക്കാർ എന്ന ക്രമത്തിൽ) കോട്ടയം: 939, 325, പുതുപ്പള്ളി: 1318,418, ഏറ്റുമാനൂർ: 1404,519. പാലാ: 1521, 700. കടുത്തുരുത്തി 1596, 648. വൈക്കം: 744,405, കാഞ്ഞിരപ്പള്ളി: 1307, 414. പൂഞ്ഞാർ: 998,428, ചങ്ങനാശേരി 965, 387. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് മുമ്പുള്ള ദിവസങ്ങളിലായിരിക്കും ആബ്സെന്റി വോട്ടിനുള്ള സൗകര്യമൊരുക്കുക. വോട്ടെടുപ്പ് ദിവസത്തെപ്പറ്റി വോട്ടർമാർക്ക് നേരിട്ടും പത്രമാധ്യമങ്ങളിലൂടെയും അറിയിപ്പും നൽകും. രാഷ്ട്രീയകക്ഷി പ്രതിനിധികൾക്കും അറിയിപ്പു നൽകും.വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ തെരഞ്ഞെടുത്തവർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയശേഷമായിരിക്കും പോളിങ് സംഘം എത്തുക. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ട് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം സംഘം ഒരുക്കും.