പുനലൂർ: വൈദ്യുതീകരണ ജോലികള്‍ പുരോഗമിച്ച് വരുന്ന പുനലൂർ-ചെങ്കോട്ട റെയില്‍വേ പാതയില്‍ ദക്ഷിണ റെയില്‍വേ ചീഫ് എൻജിനീയർ സോമേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ പരിശോധനകള്‍ നടത്തി.വൈദ്യുതീകരണ ജോലികളില്‍ തകരാറുണ്ടോ എന്ന് വിലയിരുത്താനായിരുന്നു അപ്രതീക്ഷിത പരിശോധന നടത്തിയത്.ചെങ്കോട്ടമുതല് പുനലൂർ വരെയുള്ള 49 കിലോമീറ്റർ ദൂരത്തെ റെയില്‍പ്പാതയിലെ ആറു തുരങ്കങ്ങളിലും 50ല്‍അധികം വളവുകളിലും നിരവധി പാലങ്ങളിലും പരിശോധന നടത്തി. വൈദ്യുതി ലൈനുകളില്‍ തകരാർ ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പഠനങ്ങളും പരിശോധനകളും മൂന്ന് ദിവസം ഉണ്ടാകും. പരിശോധനയില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ചർച്ച ചെയ്തു പരിഹരിച്ച ശേഷമേ തുടർ നടപടികള്‍ ഉണ്ടാകൂ. വൈദ്യുതീകരണജോലികള്‍ പൂർത്തിയായാല്‍ ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്കും കൊല്ലത്തേക്കും കൂടുതല്‍ ട്രെയിനുകള്‍ സർവീസ് നടത്തും. നിലവില്‍ കൊല്ലം മുതല്‍ പുനലൂർ വരെ റെയില്‍ പാതയില്‍ ഒന്നര വർഷം മുമ്ബ് വൈദ്യുതീകരണ ജോലികള്‍ പൂർത്തിയാക്കി ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. തുടർന്ന് തുരങ്കങ്ങളും കണ്ണറപ്പാലങ്ങളും ഉള്ള ദുർഘട മേഖലയില്‍ കഴിഞ്ഞ വർഷമാണ് വൈദ്യുതീകരണ ജോലികള്‍ ആരംഭിച്ചത്.