കോട്ടയം : ഏറ്റുമാനൂർ സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റിസോഴ്സ് സെൻറർ ഏറ്റുമാനൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ദ്വിദിന ശില്പശാല ഇന്നലെയും ഇന്നുമായി സംഘടിപ്പിച്ചു. ശില്പശാലയുടെ ഭാഗമായി എം.ജി.സർവകലാശാലയും ബി.ആർ.സി. ഏറ്റുമാനൂരും പീസ് വാലി കോതമംഗലത്തിന്റെ സഹകരണത്തോടെ സംയുക്തമായി ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്, വൊക്കേഷണൽ ട്രെയിനിങ്ങ്, അറിവും രുചിയും തുടങ്ങി വിവിധ പരിപാടികൾ രണ്ടു ദിനമായിയുള്ള ശില്പശാലയിൽ നടന്നു.
ശില്പശാലയുടെ ഉദ്ഘാടനം എം. ജി.സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.റ്റി. അരവിന്ദകുമാർ നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ആർ.സി. ഏറ്റുമാനൂർ ബി.പി.സി. രതീഷ് ജെ.ബാബു, IUCDS ഡയറക്ടർ ഡോ.ബാബുരാജ് പി.ടി, പീസ് വാലി ഡയറക്ടർ അബ്ദുൽ സലാം, ട്രെയിനറുമാരായ അനീഷ് നാരായണൻ, ബിനീത് കെ.എസ്, ആശാ ജോർജ്, നീലകണ്ഠൻ നമ്പൂതിരി, ബിനു ഡി.തുടങ്ങിയവർ പ്രസംഗിച്ചു.