പീരുമേട് : ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ സർക്കാർ ഭൂമിയിലെ വൻ കൈയ്യേറ്റം വാർത്തയായതോടെ തഹസിൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. 2017ൽ സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന്റെ സ്മരണക്കായി മ്യൂസിയം നിർമ്മിക്കാൻ കണ്ടെത്തിയ റവന്യൂ ഭൂമിയിലാണ് കൈയ്യേറ്റം നടന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ സ്ഥലം സന്ദർശിച്ച് കൈയ്യേറ്റ വിവരം വിശദമായി റവന്യൂ വിഭാഗത്തെ ബോധ്യപ്പെടുത്തി. ഇതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ടതായി പീരുമേട് തഹസീൽദാർ സണ്ണി ജോർജ്ജ് പറഞ്ഞു. ഇതു സബന്ധിച്ച റിപ്പോർട്ട് പീരുമേട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.അക്കാമ്മ ചെറിയാൻ മ്യൂസിയം കുട്ടിക്കാനത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായതോടെ ഈ സ്ഥലം വിജനമായി കിടക്കുകയായിരുന്നു. അഞ്ചര ഏക്കർ റവന്യു ഭൂമിയാണ് ഇവിടെയുള്ളത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് സ്ഥലം തെളിച്ചെടുത്തതും കയ്യേറിയതും. 2014 ൽ കർഷക തൊഴിലാളി യൂണിയൻ കുറച്ചു സ്ഥലം കൈയ്യേറുകയും വീട് നിർമ്മിക്കാൻ തറ കെട്ടുകയും അതിർത്തി തിരിച്ചിടുകയും കൊടി സ്ഥാപിക്കുകയും ചെയ്ിരുന്നു. പീരുമേട് ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിലെ ഭൂരഹിതരായവർക്കുവേണ്ടി വീട് നിർമ്മിക്കാൻ ആയിരുന്നു ഇത്. എന്നാൽ 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇവിടുത്തെ ഭൂരഹിതർക്ക് 3 സെന്റ് സ്ഥലം വീതം നൽകി. സ്ഥലം ലഭിച്ചവർ അവിടെ വീട് നിർമ്മിച്ച് താമസം ആരംഭിക്കുകയും ചെയ്തിരുന്നു.