കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ചന്ദ്രനിലേക്കുള്ള തങ്ങളുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് പാകിസ്ഥാൻ. വെള്ളിയാഴ്ച ചൈനയുടെ ചാങ് ഇ-6 പേടകത്തിലാണ് പാക് നിർമ്മിത ക്യൂബ്സാറ്റ് സാറ്റലൈറ്റായ ഐക്യൂബ് ഖമർ (iCube Qamar) എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.ചൈനയിലെ ഹൈനാനില്‍ നിന്ന് ലോംഗ് മാർച്ച് 5 റോക്കറ്റിലായിരുന്നു ഉപഗ്രഹ വിക്ഷേപണം. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുമെന്നും മൂന്ന് മുതല്‍ ആറ് മാസം വരെ ചന്ദ്രനെ വലം വയ്ക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജിയിലെ (ഐഎസ്ടി) കേന്ദ്ര കമ്മിറ്റി അംഗമായ ഡോ. ഖുറം ഖുർഷിദ് പറഞ്ഞു.
ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്സിറ്റിയുടെയും പാകിസ്ഥാൻ്റെ ദേശീയ ബഹിരാകാശ ഏജൻസിയായ സൂപ്പർകോയുടെയും (SUPARCO) സഹകരണത്തോടെ ഐഎസ്ടിയാണ് ഉപഗ്രഹം വികസിപ്പിച്ചത്. ഐക്യൂബ് -ക്യൂ എന്ന ഉപഗ്രഹത്തില്‍ രണ്ട് ഒപ്റ്റിക്കല്‍ ക്യാമറകള്‍ ഉണ്ടെന്നാണ് വിവരം. ഇതിലൂടെ ചന്ദ്രൻ്റെ ഉപരിതലത്തിൻ്റെ വ്യത്യസ്ത ചിത്രങ്ങള്‍ ഉപഗ്രഹം പകർത്തുകയും ഗവേഷണങ്ങള്‍ക്കായി രാജ്യത്തിന് സ്വന്തം ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നും ഖുർഷിദ് പറഞ്ഞു. 2022 ലാണ് ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ (സിഎൻഎസ്എ) നേതൃത്വത്തില്‍ ഏഷ്യാ പസഫിക് സ്പേസ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ (എപിഎസ്സിഒ) അംഗരാജ്യങ്ങള്‍ക്ക് വിദ്യാർത്ഥികള്‍ നിർമ്മിച്ച പേലോഡുകള്‍ ചാങ് ഇ-6 ദൗത്യത്തില്‍ ഉള്‍പ്പെടുത്താനുള്ള അവസരം നല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ ഭാഗമായാണ് പാകിസ്ഥാന്റെ ഐക്യൂബ്-ക്യൂ തിരഞ്ഞെടുക്കപ്പെട്ടത്. പൊതുവെ വലുപ്പവും, ഭാരവും കുറഞ്ഞ ഉപഗ്രഹങ്ങളാണ് ക്യൂബ്സാറ്റുകള്. ക്യുബിക് ആകൃതിയില്‍ നിർമ്മിച്ചിരിക്കുന്ന ഇവയില്‍ പ്രത്യേക മോഡുലാർ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ശാസ്ത്രീയ ഗവേഷണം, സാങ്കേതികവിദ്യയുടെ വികസനം, വിദ്യാഭ്യാസ സംരംഭങ്ങള്‍ എന്നിവയാണ് ക്യൂബ്സാറ്റുകളുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. കൂടാതെ, ഭൗമ നിരീക്ഷണം, വിദൂര സംവേദനം, അന്തരീക്ഷ ഗവേഷണം, ആശയവിനിമയം, എന്നിവയുള്‍പ്പെടെയുള്ള ദൗത്യങ്ങള്‍ക്കായും ക്യൂബ്സാറ്റുകള് ഉപയോഗിക്കുന്നു.