തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ ഏർപ്പെടുത്തിയ ക്രമീകരണങ്ങള്‍ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും ബാധകമായിരിക്കുമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനത്തെ തൊഴിലാളികള്‍ക്കായി മെയ് 15 വരെ ഏർപ്പെടുത്തിയ തൊഴില്‍ സമയ ക്രമീകരണങ്ങളില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഈ മേഖലകളിലെ തോട്ടം തൊഴിലാളികള്‍ അടക്കമുള്ള എല്ലാ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ഈ മേഖലകളില്‍ ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്ന് വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് കർശന പരിശോധനകള്‍ നടത്തിവരികയാണ്. സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ മെയ് 15 വരെ രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കണ്‍സ്ട്രക്ഷൻ, റോഡ് നിർമാണം, തോട്ടം മേഖലകളില്‍ വരും ദിവസങ്ങളില്‍ കർശന പരിശോധന ഉറപ്പാക്കുമെന്നും കമ്മീഷണർ അറിയിച്ചു.