‘ഏറ്റവും കർശനമായ ശിക്ഷയ്ക്ക് അർഹനാണ്’: പ്രജ്വല്‍ വിഷയത്തിൽ സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുൽ; മോദിക്കും ഷായ്ക്കും വിമർശനം

ന്യൂഡല്‍ഹി: ജെ.ഡി.എസ്. എം.പി. പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച്‌ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. പല വർഷങ്ങളായി, പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യം പകർത്തുകയും ചെയ്തു. പ്രജ്വലിനെ മകനെയും സഹോദരനെയും പോലെ കണ്ട പലരും അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെടുകയും അവരുടെ അഭിമാനം കവർച്ച ചെയ്യപ്പെടുകയും ചെയ്തു. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത കുറ്റം, സാധ്യമായ ഏറ്റവും കർശനമായ ശിക്ഷയ്ക്ക് അർഹനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ രാഹുല്‍ കത്തില്‍ അതിരൂക്ഷ വിമർശനവും ഉന്നയിക്കുന്നുണ്ട്.

2023 ഡിസംബറില്‍ പ്രജ്വലിന്റെ മുൻകാലചരിത്രങ്ങള്‍, പ്രത്യേകിച്ച്‌ ലൈംഗികചൂഷണത്തെ കുറിച്ചുള്ള കാര്യങ്ങളും ദൃശ്യങ്ങള്‍ പകർത്തിയ കാര്യവും ജി. ദേവരാജ ഗൗഡ, അമിത് ഷായെ അറിയിച്ചിരുന്നെന്ന കാര്യം എന്നെ ഞെട്ടിച്ചു. എന്നാല്‍ ബി.ജെ.പിയുടെ ഏറ്റവും മുതിർന്ന നേതൃത്വത്തിന് മുൻപാകെ ഈ ആരോപണങ്ങള്‍ എത്തിയിട്ടും നിരവധിപ്പേരെ ബലാത്സംഗം ചെയ്തയാള്‍ക്കു വേണ്ടി പ്രധാനമന്ത്രി പ്രചാരണം നടത്തി. ഇത് എന്നില്‍ ഏറെ ഞെട്ടലുണ്ടാക്കി, രാഹുല്‍ കത്തില്‍ പറയുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിന്റെ ഭാഗമായി പ്രജ്വലിനെ ഇന്ത്യ വിടാൻ കേന്ദ്രസർക്കാർ അനുവദിച്ചുവെന്നും രാഹുല്‍, സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്തില്‍ ആരോപിക്കുന്നു. ഈ കുറ്റകൃത്യങ്ങളുടെ ഒരിക്കലും അംഗീകരിക്കാനാകാത്ത സ്വഭാവവും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ആശീർവാദത്താല്‍ പ്രജ്വല്‍ രേവണ്ണ ആസ്വദിക്കുന്ന ശിക്ഷാഭീതിയില്ലായ്മയും അങ്ങേയറ്റം അപലപനീയമാണ്, രാഹുല്‍ കൂട്ടിച്ചേർത്തു.
അതിജീവിതകള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Hot Topics

Related Articles