തൃശൂർ: തൃശൂർ കോർപറേഷന്റെ ആദ്യ മേയറും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസ് കാട്ടുക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം വിശ്രമത്തിലായിരുന്നു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാവിലെ 10 മുതല്‍ പൊതുദർശനം തുടങ്ങി. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം. തുടർന്നു സംസ്കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍.
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ നേതൃത്വത്തില്‍ തൃശൂരില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായി പ്രവർത്തിച്ചിരുന്നു. ജില്ലയിലെ ആദ്യകാല യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. എൻ.ജി. ജയചന്ദ്രൻ നേതൃത്വം നല്‍കിയിരുന്ന ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.പിന്നീടു ദീർഘകാലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000-ത്തിലെ തിരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്നാണ് അദ്ദേഹം വിജയിച്ചു മേയറായത്. 2000 മുതല്‍ 2004 വരെ മേയർ പദവിയില്‍ തുടർന്നു.