നിയമവിരുദ്ധമായി ചെറുമത്സ്യബന്ധനം; രണ്ട് മത്സ്യബന്ധനബോട്ടുകള്‍ പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ്

വൈപ്പിൻ: കടലില്‍ നിന്ന് ചട്ടവിരുദ്ധമായി മിനിമം ലീഗല്‍ സൈസില്‍ കുറഞ്ഞ ചെറുമത്സ്യങ്ങളെ പിടികൂടിയ രണ്ട് മത്സ്യബന്ധനബോട്ടുകള്‍ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് പിടികൂടി.രണ്ടിനു രാത്രിയില്‍ ഹാർബറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ മുനമ്പം മാതൃകാ ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തിയിരുന്ന മിന്നല്‍ മാതാ, മുനമ്പം മിനി ഹാർബർ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തിയിരുന്ന യേശുനാഥൻ എന്നീ ബോട്ടുകളാണ് ചെറുമത്സ്യങ്ങള്‍ സഹിതം പിടിയിലായത്.

പരിശോധനയില്‍ രണ്ടുബോട്ടുകളില്‍ നിന്നുമായി 4200 കിലോ ചെറിയ മീനുകളാണ് കണ്ടെത്തിയത്. ബോട്ടുകള്‍ക്ക് രണ്ടിനും കൂടി അഞ്ചുലക്ഷം രൂപ പിഴയടപ്പിച്ചു. ബോട്ടില്‍ ഉണ്ടായിരുന്ന വലിയ മത്സ്യങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്ത വകയില്‍ 66850 രൂപ സർക്കാരിലേക്കടച്ചു. ചെറുമത്സ്യങ്ങള്‍ കടലില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്തു. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ പി. അനീഷ്, ഇൻസ്പെക്ടർ ഓഫ് ഗാർഡ് മഞ്ജിത് ലാല്‍, സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് സംഗീത് ജോബ്, ഷൈബിൻ, ജസ്റ്റിൻ, ഉദയരാജ്, മിഥുൻ , സജീഷ് എന്നിവരാണ് പരിശോധനാ ടീമില്‍ ഉണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ കെ. ബെൻസണ്‍ തുടർനടപടികള്‍ സ്വീകരിച്ചു.

Hot Topics

Related Articles