ന്യൂഡല്‍ഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ കേരളത്തില്‍ അജണ്ട സെറ്റ് ചെയ്യാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഷാജൻ സ്കറിയയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മുൻകൂർ ജാമ്യം തേടിയുള്ള ഷാജൻ സ്കറിയയുടെ ഹർജി സുപ്രീം കോടതി വിധിപറയാനായി മാറ്റി.
പി.വി ശ്രീനിജൻ എം.എല്‍.എ. നല്‍കിയ പരാതിയില്‍ എസ്.സി./എസ്.ടി. ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസില്‍ മുൻകൂർ ജാമ്യം തേടിയാണ് ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഈ കേസില്‍ സുപ്രീംകോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് നേരത്തെ തടഞ്ഞിരുന്നു. അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹത്തിലെ താഴേത്തട്ടിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സ്വാധീനിക്കാനാണ് ഷാജൻ ശ്രമിക്കുന്നത്. ഇതിനായി ഇക്കിളിപ്പെടുത്തുന്ന വാർത്തകള്‍ നല്‍കുന്നു. സുപ്രീം കോടതി ഇടപെടലിന് ശേഷവും ശ്രീനിജിനെതിരെ മോശം പരാമർശങ്ങള്‍ നടത്തിയെന്നും പി.വി. ദിനേശ് കോടതിയില്‍ വാദിച്ചു. ഇതിലൂടെ ആരോപണ വിധേയന്റെ ക്രമിനല്‍ ലക്ഷ്യം വ്യക്തമാണെന്നും സംസ്ഥാനം കോടതിയില്‍ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശിന് പുറമേ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കറും സുപ്രീം കോടതിയില്‍ ഹാജരായി.
എസ്.സി./എസ്.ടി. ആക്‌ട് പ്രകാരമുള്ള കുറ്റം ഷാജൻ സ്കറിയ നടത്തിയെന്നും അതിനാല്‍ മുൻകൂർ ജാമ്യം നല്‍കരുതെന്ന് ശ്രീനിജിന്റെ അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. അതേസമയം, വിവാദ പരാമർശത്തില്‍ എസ്.സി./എസ്.ടി. ആക്‌ട് പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് ഷാജൻ സ്കറിയയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ വാദിച്ചു. പരമാവധി എടുക്കാൻ കഴിയുക മാനനഷ്ട കേസാണെന്നും ലൂതറ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദത്തെ കേരളം എതിർത്തു. തുടർന്ന് മുൻകൂർ ജാമ്യഹർജി വിധിപറയാനായി മാറ്റി.