കെ റെയില്‍ പദ്ധതി സര്‍ക്കര്‍ പുനരധിവാസം ഉറപ്പുവരുത്തും, സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുക പണം ലഭിച്ച ശേഷം മാത്രം; മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കര്‍ പുനരധിവാസം ഉറപ്പുവരുത്തുമെന്നും  പണം ലഭിച്ച ശേഷം മാത്രം സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരികയുള്ളൂ എന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി സംഘടിപ്പിച്ച ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യനേയും പ്രകൃതിയേയും കണക്കിലെടുത്തുള്ള പൊതുഗതാഗത സംവിധാനമാണ് കെ റെയില്‍ പദ്ധതി എന്നും  കേരളത്തിന്റെ ഭാവിക്കായുള്ള വികസനപ്രവര്‍ത്തനമാണ് ഈ പദ്ധതി നിലവില്‍ വരുന്നതോടെ യാഥാര്‍ഥ്യമാവുക എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഗതാഗതരീതികളും യാത്രയും യാത്രക്കാരും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ തന്നെ വാഹനപെരുപ്പവും ഒക്കെയായി യാത്രകള്‍ക്കായി നിലവില്‍ മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വരുന്നത്.
വാഹനങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പുകമലിനീകരണം ഇന്ന് വലിയ പ്രശ്നമാണ്. അതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടുതലാണ്.
കേരളത്തിന്റെ ഭൂമിശാസ്ത്ര, പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കാക്കി റോഡ് ഗതാഗത സംവിധാനം മാത്രം കേന്ദ്രീകരിച്ച് ഗതാഗത സംവിധാനം മെച്ചെപ്പെടുത്താനാകില്ല. കെ റെയില്‍ പദ്ധതി പാരിസ്ഥിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ധാരണ തിരുത്തപ്പെടണം. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന ഗതാഗത മാര്‍ഗമാണ് റെയില്‍വേ സംവിധാനം. എന്നാല്‍, നിലവിലുള്ള റെയില്‍ സംവിധാനത്തില്‍ ഇനി 19 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ മാത്രമാണ് ബാക്കിയുള്ളത്. 626 വലിയ വളവുകള്‍ ഉള്ളതിനാല്‍ ബ്രോഡ്ഗേജ് വികസനവും സാധ്യമാകുന്നില്ല. ഈ അവസരത്തിലാണ് ഏറ്റവും ഉചിതമായ കെ റെയില്‍ ഗതാഗത സംവിധാനം യാഥാര്‍ഥ്യമാക്കേണ്ടതിന്റെ ആവശ്യകത.
പാരിസ്ഥിതിക പ്രശ്നങ്ങളെ പരിഹരിക്കാതെ അല്ല ഈ പദ്ധതി നിലവില്‍ വരുക. പുഴ, തോട്, നീര്‍ച്ചാല്‍ തുടങ്ങിയ ജലസ്രോതസുകള്‍ വിപുലീകരിച്ചാകും പദ്ധതി നിലവില്‍ വരുക. അതിനാല്‍തന്നെ ജലമാര്‍ഗങ്ങള്‍ തടസപ്പെടുത്തുന്ന വനം, വന്യജീവി, പരിസ്ഥിതി ലോല മേഖലകളിലൂടെ പദ്ധതി കടന്നുപോകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആറാട്ടുപുഴക്കടുത്ത് മുളക്കഴയാണ് കെ റെയിലിന്റെ അടുത്തുള്ള സ്റ്റേഷന്‍ വരുക.
അവിടെനിന്നും കൊല്ലത്തേക്ക് 22 മിനിട്ടും തിരുവനന്തപുരത്തെത്താന്‍ 46 മിനിട്ടും എറണാകുളത്തിന് 39 മിനിട്ടും കാസര്‍ഗോഡിന് മൂന്ന് മണിക്കൂറും എട്ട് മിനിറ്റുമാണ് കെ റെയിലിലൂടെ എത്തുന്നതിന് വേണ്ടിവരികയെന്നും മന്ത്രി പറഞ്ഞു. കെ റെയിലിലൂടെ ആരോഗ്യ മേഖലയില്‍ ആംബുലന്‍സ് സംവിധാനം, റോറോ ഗുഡ്സ് സംവിധാനത്തിലൂടെ  ലോറികള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാനാകുന്ന സംവിധാനം, വ്യാപാര മേഖലയിലെ വളര്‍ച്ച എന്നിങ്ങനെ വിവിധ രീതിയിലുള്ള വികസനമാകും സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.