കോട്ടയം: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നിത്യ പൂജയ്ക്കായി പൂജാ പുഷ്പ തോട്ടങ്ങൾ നട്ടുപിടിപ്പിക്കണമെന്നു ക്ഷത്രിയ ക്ഷേമസഭ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ക്ഷേത്രങ്ങളും ഏജൻസികളുമായി സഹകരിച്ച് പ്രമുഖ ക്ഷേത്ര നഗരങ്ങളിൽ പദ്ധതി നടപ്പാക്കണമെന്ന പ്രമേയം യോഗം അംഗീകരിച്ചു. സമ്മേളനം അനശ്വര കവി ചങ്ങമ്പുഴയുടെ കൊച്ചുമകനും എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് അസോഷ്യേറ്റ് പ്രഫസറുമായ ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു.
വിവര സാങ്കേതിക വിദ്യയിലൂടെ പുതുതലമുറ മുന്നേറുമ്പോൾ പരസ്പരമുള്ള ആത്മ ബന്ധങ്ങൾക്ക് വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. യു.അജിത്ത് വർമ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ലളിതാംബിക, ജനറൽ സെക്രട്ടറി വി.കെ.മധുകുമാർ വർമ, ട്രഷറർ എം.കെ.സൂര്യകുമാർ വർമ, മേഖല സെക്രട്ടറി പി.കെ.സഞ്ജയ് വർമ, റീയാക്ട് ട്രസ്റ്റ് സെക്രട്ടറി പി.കെ.രഘുവർമ, ടി.എം.രാംജി വർമ, ആത്മജ വർമ തമ്പുരാൻ എന്നിവർ പ്രസംഗിച്ചു.