“എക്സിറ്റ് പോളുകൾ അല്ല, ഇത് മോദി പോൾ” ; എക്സിറ്റ് പോളുകളെ തള്ളി രാഹുൽ ഗാന്ധി

ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങളും തുടര്‍നീക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ദില്ലിയില്‍ യോഗം ചേരുന്നു. എക്സിറ്റ് പോളുകളെ തള്ളി രാഹുൽ ഗാന്ധി രംഗത്തെത്തി. എക്സിറ്റ് പോളുകൾ അല്ല, ഇത് മോദി പോളെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യ മുന്നണിക്ക് 295 സീറ്റുകൾ ലഭിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്സിറ്റ് പോള്‍ ഫലം ഇങ്ങനെയേ വരികയുള്ളൂവെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തെ മഷിയിട്ട് നോക്കിയാല്‍ കാണില്ലെന്ന് ബിജെപി തിരിച്ചടിച്ചു.  

Advertisements

എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32 ഇങ്ങനെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ ദേശീയ ശരാശരി. ഏജന്‍സികളുടെ മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പുറത്ത് വിട്ട കണക്കുകളെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിരോധം. വോട്ടെണ്ണി കഴിയുമ്പോള്‍ 295ല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് തന്നെയാണ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. എക്സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍, പിസിസി അധ്യക്ഷന്മാരുമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്നും സംസ്ഥാനങ്ങളിലെ സാഹചര്യമല്ല എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. തെക്കേ ഇന്ത്യയിലും, കിഴക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലം വരുമെന്നാണ് പ്രതീക്ഷ. ധ്യാനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനും, വോട്ടിംഗ് മെഷീനെതിരായ പ്രചാരണത്തെ ചെറുക്കാനുമുള്ള വഴികള്‍ ആലോചിക്കാന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നേതൃത്വത്തിലും യോഗം നടന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തും. ചൊവ്വാഴ്ചയോടെ ഇന്ത്യ സഖ്യ നേതാക്കളെ തപ്പി നടക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചു.

അതേസമയം, ബംഗാളിലെ എക്സിറ്റ് പോള്‍ ഫലങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവചനം പങ്കുവച്ചാണ് ഫലങ്ങളെ ബിചെപി ചോദ്യം ചെയ്യുന്നത്. തൃണമൂലിനെ കടത്തിവെട്ടി 150നടുത്ത് സീറ്റുകള്‍ ബിജെപി നേടുമെന്നായിരുന്നു പ്രവചനങ്ങളെങ്കില്‍ ഫലം വന്നപ്പോള്‍ തൃണമൂലിന് 215 സീറ്റും, ബിജെപിക്ക് 77 സീറ്റുമാണ് കിട്ടിയത്. ബംഗാളിലെ ഫലങ്ങളില്‍ സന്ദേശമുണ്ടെന്ന ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പറയുന്ന വീഡിയോയും നേതാക്കള്‍ പങ്ക് വച്ചിട്ടുണ്ട്.

Hot Topics

Related Articles