മാസപ്പടി കേസ്; വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി 18ന് പരിഗണിക്കും

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടൻ നല്‍കിയ ഹ‍ർജി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം. താൻ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴല്‍ നാടൻ ഹർജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർ‍ജി തള്ളിയത്.

Advertisements

കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതിയില്‍ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഹര്‍ജി ഫയല്‍ ചെയ്തത് നടപടിക്രമം പാലിച്ചല്ലെന്നും വിജിലൻസ് കോടതിയില്‍ എതിർവാദം ഉന്നയിച്ചത് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ സൂചിപ്പിച്ചില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യ കേസ് ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്ന് മാത്യു കുഴല്‍നാടൻ തിരിച്ചു വാദിച്ചു. സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഈ മാസം 18 ന് പരിഗണിക്കാനായി ഹര്‍ജി മാറ്റിയത്.

Hot Topics

Related Articles