രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തണം; വയനാട്ടിൽ പ്രിയങ്ക മത്സരിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തി, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ഈ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഇന്ത്യ മുഴുവൻ പര്യടനം നടത്തി പ്രചാരണം നടത്തുകയായിരുന്നു. അവർ സ്റ്റാർ ക്യാമ്ബെയിനറായിരുന്നു. തൃശൂരില്‍ കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങള്‍ പാർട്ടി സമഗ്രമായി പഠിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. മത്സരിച്ച വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ജയിച്ചതോടെ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉത്തർ പ്രദേശിലെ റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ല്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ല്‍ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയില്‍ പരാജയപ്പെടുത്തിയത്.

Advertisements

മണ്ഡലത്തിലെ 66.17 ശതമാനം വോട്ടും നേടിയാണ് രാഹുല്‍ ഇത്തവണ റായ്ബറേലിയില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 28.64 ശതമാനം വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്. വയനാട്ടില്‍ നിന്ന് രണ്ടാമൂഴം തേടിയപ്പോള്‍ രാഹുല്‍ 647445 വോട്ടുകളാണ് നേടിയത്. 364422 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്നാണ് രാഹുലിന്‍റെ ആദ്യ പ്രതികരണം. നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമാണ്. രാജ്യത്തെ തകർക്കാൻ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവർത്തകർക്കും റായ്ബറേലിയിലും വയനാട്ടിലെയും വോട്ടർമാർക്കും രാഹുല്‍ ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കുകയുണ്ടായി.

Hot Topics

Related Articles