ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. പുന്നത്തുറ വെസ്റ്റ് കറ്റോട് ഭാഗം ദേവഗംഗ യില്‍ ഭദ്രന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത. 12 പവനോളം സ്വര്‍ണ്ണവും നാലായിരം രൂപയും കവർന്നു. കണ്ണൂര്‍ കൊട്ടിയൂരമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി വീട്ടുടമ ഭദ്രന്‍പിള്ളയും ഭാര്യ ശ്യാമളയും ഞായറാഴ്ചയാണ് പോയത്. മറ്റാരും ഈ സമയം വീട്ടിലില്ലാതിരുന്നതിനാല്‍ വീട് പൂട്ടിയാണ് ഇവര്‍ പോയത്. ചൊവ്വാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം സ്വര്‍ണ്ണവും നാലായിരം രൂപയും മോഷണം പോയതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.
ഏറ്റുമാനൂര്‍ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് മറ്റൊരിടത്തും മോഷണമോ മോഷണ ശ്രമങ്ങളോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കിയ ആരെങ്കിലുമാവാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടോ മൂന്നോ പേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു.