ചങ്ങനാശ്ശേരി : ചായക്കടയിൽ തിരക്ക് കൂട്ടി യുവാക്കൾ ചായ കുടിക്കാൻ എത്തുന്നതിൽ സംശയം തോന്നി എക്സൈസ് നടത്തിയ നിരീക്ഷണത്തിൽ കുടുങ്ങിയത് കഞ്ചാവ് കച്ചവടക്കാരൻ. കടയിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയപ്പോൾ ആണ് ചായയോടൊപ്പം കഞ്ചാവും വിൽക്കുന്ന പാറാൽ സ്വദേശി പാലക്കളം പ്രമോദ്.എ ( 50 ) എക്സൈസ് പിടിയിലായത് . ഇയാളുടെ കടയിൽ കൗമാരക്കാരും യുവാക്കളും എത്തി കഞ്ചാവ് വാങ്ങുക പതിവായിരുന്നു. ഒടുവിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച പത്ത് കഞ്ചാവ് പൊതികൾ പിടികൂടുകയായിരുന്നു. 50 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് പിടികൂടിയത്. എൻ ഡി പി എസ് നിയമപ്രകാരം ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തു. ഈ മേഖലയിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്ന് കരുതുന്നു. റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജ് പി, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി ഗോപിനാഥ് , രാജേഷ് എസ്, പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ , വിനോദ് കുമാർ വി, സജീവ് കെ. എൽ , എന്നിവർ പങ്കെടുത്തു.