ആലപ്പുഴ : ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജലതരംഗം സംഘടിപ്പിച്ചു. നദികളെയും ജലസ്രോതസ്സുകളെയും സംരംക്ഷിച്ച് നീരൊഴുക്ക് ശക്തമാക്കുക, പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുമാരി വിവേകാനന്ദ സ്മാരകത്തില്‍ വെച്ച് നടന്നു. ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ജനറല്‍ സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗം ഹിമാലയ ഭാരത് സേവാ ആശ്രമം മഠാധിപതി സ്വാമി വിശ്വനാഥ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു.
ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ എന്നീ സമുദ്രങ്ങളുടെ സംഗമ സ്ഥലത്ത് നിന്നും മണ്‍കുടത്തില്‍ ശേഖരിച്ച പുണ്യ ജലം മഴമിത്രത്തില്‍ എത്തിച്ച് എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിക്കടവിലെ പമ്പാനദിയില്‍ ഒഴുക്കുമെന്ന് ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു. കെ. ജയചന്ദ്രന്‍, കെ. തങ്കച്ചന്‍, വിഷ്ണു ഗോപി, കാര്‍ത്തിക്, വില്‍സന്‍ കെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രകൃതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ ഹരിത ചിന്തകള്‍ക്ക് സ്മരണ പുതുക്കി ചിത്തരാല്‍ ജയിന്‍ക്ഷേത്രത്തില്‍ ഫലവൃക്ഷ തൈ നട്ടു.