ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ജില്ലയിൽ കാര്യക്ഷമമാക്കും: വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി

അടൂർ: പത്തനംതിട്ട ജില്ലയിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പറക്കോട് ബ്ലോക്കില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അധ്യക്ഷ. അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനങ്ങള്‍, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികളും അദാലത്തുകളില്‍ എത്തുന്നുണ്ട്. ജില്ലയിലെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ അദാലത്തില്‍ എത്താതെ തന്നെ പരിഹരിക്കപ്പെടും. ജില്ലയിലെ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ വിവാഹപൂര്‍വ, വിവാഹേതര കൗണ്‍സിലിംഗ് വളരെ അനിവാര്യമാണെന്നും പി. സതീദേവി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പത്തനംതിട്ട ജില്ലാ തല സിറ്റിങ്ങില്‍ ആകെ ലഭിച്ച 99 പരാതികളില്‍ 23 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 72 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം ഷാഹിദാ കമാല്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles