കോട്ടയം: എം.ജി റോഡിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംങിന് മറ്റൊരു രക്തസാക്ഷി കൂടി. എംജി റോഡിൽ പച്ചക്കറി മാർക്കറ്റിന് മുന്നിലാണ് വാഹനം ഇടിച്ച് വയനാട് സ്വദേശിയായ ഇഞ്ചിക്കച്ചവടക്കാരൻ മരിച്ചത്. കോട്ടയം പച്ചക്കറി മാർക്കറ്റിലെ ഇഞ്ചിക്കച്ചവടക്കാരനായ ഗോപി (72)ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ന് കോട്ടയം എംജി റോഡിൽ പച്ചക്കറി മാർക്കറ്റിന് മുന്നിലായിരുന്നു അപകടം. മാർക്കറ്റിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ഇദ്ദേഹം പാടത്തിനോട് ചേർന്ന് റോഡരികിൽ മൂത്രമൊഴിച്ച ശേഷം തിരികെ നടന്ന് വരികയായിരുന്നു. ഇതിനിടെ എംസി റോഡ്് ഭാഗത്തു നിന്നും എത്തിയ പിക്കപ്പ് വാൻ ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. ഉടൻ തന്നെ പ്രദേശത്തുള്ളവർ ചേർന്ന് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോടിമത എംജി റോഡിൽ റോഡിന്റെ ഇരുവശത്തും അനധികൃതമായി കാറുമായി എത്തുന്ന കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നത് അപകടത്തിന് കാരണമാകുമെന്ന് ജാഗ്രത ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.