കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ബ്ലുടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൌഷാദില്‍ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. ഒരു കിലോ 350 ഗ്രാം സ്വർണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
വിമാനത്താവളത്തില്‍ ചെക്കൌട്ട് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗേജ് സ്കാനിങ്ങിനിടെ സംശയം തോന്നിയതോടെയാണ് സ്വർണ്ണക്കടത്ത് പൊളിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വർണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാള്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. നൌഷാദിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ് സ്വർണ്ണം ലഭിച്ചത്, ആർക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു.