കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കൊല്ലാട് ബോട്ട്ജെട്ടികവല കൊല്ലംകവലയ്ക്കു സമീപം പള്ളിക്കുന്നേൽ വീട്ടിൽ സുരേഷിന്റെ മകൻ (ജീമോൻ) സച്ചിൻ സുരേഷാ(18)ണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലാട് പള്ളിക്കുന്നേൽ വീട്ടിൽ സെബിനെ (18) ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിലെ വളവിലായിരുന്നു അപകടം.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഗസ്റ്റ് ഹൗസ് ഭാഗത്ത് നിന്നും പുന്നയ്ക്കൽ ചുങ്കം ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്നു യുവാക്കൾ. ഗസ്റ്റ് ഹൗസ് ഭാഗം കഴിഞ്ഞുള്ള വളവിൽ ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് റോഡരികിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് രണ്ട് യുവാക്കളും റോഡിൽ തലയിടിച്ചു വീണു. രണ്ടു പേരും റോഡിൽ വീണ് കിടക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ എത്തിച്ചപ്പോഴേയ്ക്കും സച്ചിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സെബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് നാട്ടുകാർ ചേർന്ന് റോഡരികിലെ വീട്ടിലേയ്ക്ക് മാറ്റി വച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് കോട്ടയം ഈസ്റ്റ്, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി.