മല്ലപ്പള്ളി: ‘ആര്യഭട്ടയും ഭാസ്കര’യും മല്ലപ്പള്ളിയിലെത്തി. ചൊവ്വയും ചന്ദ്രനും വലം വച്ചവർ ഒപ്പം വന്നു. ഒരിക്കലും മടുക്കാത്ത ആകാശക്കാഴ്ചകളുടെ ആവേശത്തിലായിരുന്നു വ്യാഴാഴ്ച നാട്. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ ഒരുക്കിയ ‘സ്പേസ് ഓൺ വീൽസ്’ പ്രദർശനമാണ് ഇതിന് നിമിത്തമായത്.
ത്രിമാന മാതൃകകളും വിവിധ പദ്ധതികളുടെ ദൃശ്യാവിഷ്ക്കാരവും വോൾവോ ബസിനെ മറ്റൊരു ലോകമാക്കി. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം മുതൽ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചന്ദ്രനിലെത്തിക്കാൻ കെൽപ്പുള്ള മൊഡ്യുളിന്റെ രൂപം വരെ ഉണ്ടായിരുന്നു. എക്സിബിഷൻ ചുമതലയുള്ള കെ.സുരേഷിന്റെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഓ. ഉദ്യോഗസ്ഥൻ കാര്യങ്ങൾ വിശദീകരിച്ച് നൽകി. റോക്കറ്റ് ഭാഗങ്ങൾ യോജിപ്പിച്ച് ശ്രീ ഹരിക്കോട്ടയിലെ
ലോഞ്ചിങ് പാഡിലേക്ക് എത്തിക്കുന്നതിൽ തുടങ്ങി വിക്ഷേപണാനന്തര വിവരങ്ങൾ വരെ അവതരിപ്പിച്ചു. ബഹിരാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങൾ വിസ്മയത്തോടെ അടുത്തറിഞ്ഞ കുരുന്നുകൾ ആധുനികശാസ്ത്രത്തിന്റെ മികവ് മനസിലാക്കി അഭിമാനത്തോടെ മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, മല്ലപ്പള്ളി പ്രസ് ക്ലബ്, ത്രിതല പഞ്ചായത്തുകൾ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ എന്നിവ ചേർന്ന് നടത്തുന്ന ജില്ലാ എജ്യു. ഫെസ്റ്റ് -പുസ്തകമേളയുടെ ഭാഗമായാണ് വി.എസ്.എസ്.സി. പ്രദർശനം നടത്തിയത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്‌ഘാടനം ചെയ്തു. സമിതി വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം അധ്യക്ഷത വഹിച്ചു.
ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് കുമാർ, സമിതി വൈസ് ചെയർമാൻ എം.എം.ഖാൻ റാവുത്തർ, കൺവീനർമാരായ എബി മേക്കരിങ്ങാട്ട്, ജിനോയ് ജോർജ്, ജോയിന്റ് സെക്രട്ടറി സുരേഷ് നവദീപ്, കോർഡിനേറ്റർ കെ. സതീഷ് ചന്ദ്രൻ, എസ്.മനോജ് കുമാർ, രാജീവ് ഫൈനാർട്സ്, ജി.ഗോപകുമാർ മുരണി എന്നിവർ പങ്കെടുത്തു. മല്ലപ്പള്ളി സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്റ് പോലീസ് കേഡറ്റുകൾ പ്രദർശനം നിയന്ത്രിച്ചു.
സുരക്ഷാ സെമിനാർ ഇന്ന്
വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷയെക്കുറിച്ച് ചിന്തിക്കാൻ ജില്ലാ എജ്യു.ഫെസ്റ്റിൽ ജനുവരി 21 വെള്ളിയാഴ്ച സെമിനാർ നടക്കും. മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ ഹാളിൽ രാവിലെ പത്തിന് ആന്റോ ആന്റണി എം.പി. മുൻ എം.എൽ.എ. രാജു എബ്രഹാം എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. ജോയിന്റ് ആർ.ടി.ഓ. എം.ജി.മനോജ്, കീഴ്വായ്പൂര് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി. സന്തോഷ് കുമാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ് എന്നിവർ ക്ലാസെടുക്കും.