കോട്ടയം : നിർമ്മാണത്തിൽ ഇരുന്ന ഇരുനില വീടിൻ്റെ സൺഷെയ്ഡ് തകർന്ന് തൂങ്ങി കിടന്ന തൊഴിലാളിയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ്. കെട്ടിടത്തിൽ നിന്നും താഴെ വീണ് മറ്റു രണ്ടു തൊഴിലാളികൾക്കും പരിക്ക്. കോട്ടയത്ത് മണർകാട് ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. മണർകാട് ഐരാറ്റു നടയ്ക്ക് സമീപം മാന്താറ്റിപ്പടിയിൽ നിർമ്മാണത്തിലുന്ന വീടിൻ്റെ രണ്ടാം നിലയിലെ പാരപെറ്റിന് സമീപം നിന്ന മൂന്ന് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. മൂന്ന്ദിവസം നടന്ന വാർക്കയ്ക്ക് മുകളിൽ പണി പരിശോധിക്കാൻ രണ്ട് തൊഴിലാളികൾ കയറി. ഈ സമയം സൺഷെയ്ഡിൻ്റെ അടിഭാഗം നിലയിട്ട് നിന്ന് മലപ്പുറം സ്വദേശി സുനിൽ സിമൻ്റ് തേയ്ക്കുകയായിരുന്നു. ഈ സമയത്ത് ഷെയ്ഡ് തകർന്ന് മുകളിൽ നിന്നവർ താഴേക്ക് വീണു. സുനിൽ നിലകെട്ടിയതിനും, കെട്ടിട ഭാഗത്തിനും ഇടയിൽ കാൽ കുടുങ്ങിയ നിലയിൽ തല താഴേക്കായി സുനിൽ തൂങ്ങി കിടക്കുകയും ചെയ്തു. തുടർന്ന് ഉടൻ തന്നെ മണർകാട് പൊലീസും ഫയർഫോഴ്‌സുമെത്തി. മണർകാടിന് സമീപത്തു നിന്നും ക്രെയിൻ കൂടി എത്തിയതോടെ അതിവേഗം ഇദ്ദേഹത്തെ പുറത്തെത്തിച്ചു. ക്രെയിന്‍ ഉപയോഗിച്ചു സണ്‍ഷെയ്ഡ് ഉയര്‍ത്തിയാണ് സുനിലിനെ പുറത്തെടുത്തത്.കാലിനു പരുക്കേറ്റ സുനിലിനെയും, മറ്റ് രണ്ട് തൊഴിലാളികളെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് തുടർന്ന് മാറ്റി. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി ശിവകുമാര്‍, വി.കെ അശോക് കുമാർ തുടങ്ങിയവർ ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.