കോവിഡ് കണക്കുകള്‍ കൃത്യവും വ്യക്തവുമായിരിക്കണം : കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട : കോവിഡ് കണക്കുകള്‍ കൃത്യതയോടെയും വ്യക്തതയോടെയുമാണ് ശേഖരിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അതിനനുസരിച്ചായിക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങളിലേക്ക് ജില്ല പ്രവേശിക്കുകയെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹോം ഐസോലേഷന്‍ പാലിക്കുന്ന കാര്യത്തില്‍ വീഴ്ച വരരുതെന്നും എത്രയും വേഗത്തില്‍ കരുതല്‍ ഡോസ് വിതരണം ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ രോഗികള്‍ക്കായുള്ള വാഹന സൗകര്യം, ആശയവിനിമയത്തിനായുള്ള കോള്‍സെന്റര്‍ എന്നിവ ഏര്‍പ്പെടുത്താനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ 66.77% പൂര്‍ത്തിയാക്കിയതായി ഡിഎംഒ (ആരോഗ്യം) എല്‍ അനിത കുമാരി യോഗത്തില്‍ അറിയിച്ചു.
വാര്‍ഡുതല ജാഗ്രതാ സമിതിയില്‍ കുടുംബശ്രീ അംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ഡിഡിപി കെ ആര്‍ സുമേഷ് യോഗത്തില്‍ അറിയിച്ചു. കോവിഡ് സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പൊതുഇടങ്ങളില്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് ധനസഹായത്തിനായി 1301 അപേക്ഷകള്‍ ലഭിച്ചതില്‍ 1032 അപേക്ഷകള്‍ പാസാക്കി 887 അപേക്ഷകളില്‍ ധനസഹായം കൈമാറിയതായി ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ഗോപകുമാര്‍ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡിഎംഒ (ആരോഗ്യം) എല്‍ അനിത കുമാരി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ഗോപകുമാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles