കോട്ടയം: തിരുനക്കര ക്ഷേത്രവും കോട്ടയം നഗരവും കേന്ദ്രീകരിച്ച് പൊതു പ്രവർത്തനം നടത്തിയിരുന്ന പി. ദാസപ്പൻ നായർ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ചാരിറ്റി പ്രവർത്തന ഉദ്ഘാടനവും ജൂൺ 30 ന് നടക്കും. തിരുനക്കര ശ്രീനിവാസ അയ്യർ റോഡിലെ ബാങ്ക് എംപ്ളോയീസ് ഹാളിൽ വൈകിട്ട് നാലിനാണ് സമ്മേളനം നടക്കുക. ട്രസ്റ്റും – ചാരിറ്റി പ്രവർത്തനങ്ങളുടെയും പുരസ്കാര സമർപ്പണത്തിൻ്റെയും സമ്മേളനത്തിൻ്റെയും ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. ട്രസ്റ്റിൻ്റെ പ്രഥമ ശങ്കര ദാസ പുരസ്കാരം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയ്ക്ക് സമർപ്പിക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും.