കോടതികളിലെ ഫീസ് വര്‍ധന: നീതി തേടിയെത്തുന്ന ഇരകളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം: അഡ്വ. എ കെ സലാഹുദ്ദീന്‍ 

തിരുവനന്തപുരം: കുടുംബ കോടതികളിലെയും ചെക്ക് കേസുകളിലെയും ഫീസ് അന്യായമായി വര്‍ധിപ്പിച്ച് നീതി തേടിയെത്തുന്ന ഇരകളെ കൊള്ളയടിക്കുന്ന ഇടതു സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍. നിര്‍ബന്ധിതരായി കോടതികളെ സമീപിക്കുന്ന ഇരകളുടെ വ്യവഹാരങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതുതന്നെ അനീതിയാണെന്നിരിക്കെ അന്യായമായ കോര്‍ട്ട് ഫീ വര്‍ധന സാധാരണക്കാരെ നിയമസംവിധാനങ്ങളേില്‍ നിന്നു തന്നെ അകറ്റാനേ ഉപകരിക്കൂ. വഞ്ചിക്കപ്പെട്ട തനിക്കും കുഞ്ഞുങ്ങള്‍ക്കും ഒരു തരി നീതി കിട്ടുമോ എന്നുതേടി കുടുംബ കോടതികളുടെ പടികയറിവരുന്ന അനാഥകളും ആലംബഹീനരുമായ പാവപ്പെട്ട  സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരും കരച്ചിലും കാണാതെ പോവുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.  2024 ഏപ്രിലിനുശേഷം ഭീമമായ തുക കോര്‍ട്ട് ഫീ അടക്കേണ്ടി വരുന്നതിനാല്‍ ചെക്ക് കേസുകള്‍ നല്‍കാനാവാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍. പുതിയ നിരക്കുപ്രകാരം ചെക്ക് കേസ് ബോധിപ്പിക്കുമ്പോള്‍ ചെക്ക് സംഖ്യ 10,000 രൂപയില്‍ താഴെ ആണെങ്കില്‍ 250 രൂപയും 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ തുകയുടെ അഞ്ച് ശതമാനവും കോര്‍ട്ട് ഫീസായി അടക്കണം (പരമാവധി മൂന്ന് ലക്ഷം രൂപ). ചെക്ക് കേസ് കൊടുക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയിലാണ്. ഇത്തരം കോടതികളില്‍ നിലവില്‍ ഏത് അപേക്ഷയാണെങ്കിലും അഞ്ച് മുതല്‍ 10 രൂപ വരെയാണ് കോര്‍ട്ട് ഫീസ് ഒടുക്കേണ്ടിയിരുന്നത്. കോടി രൂപയുടെ ചെക്കാണെങ്കില്‍ പോലും കോര്‍ട്ട് ഫീ 10 രൂപ മതിയായിരുന്നു. അതാണിപ്പോള്‍ മൂന്നു ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നത്. കേസ് വിധി ഹരജിക്കാരനെതിരായാല്‍ അപ്പീല്‍/റിവിഷന്‍ കൊടുക്കണമെങ്കിലും അടയ്ക്കണം ചെക്ക് തുകയുടെ പത്തിലൊന്ന് സംഖ്യ. പ്രതിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ അപ്പീല്‍ ബോധിപ്പിക്കാന്‍ അയാള്‍ കൊടുക്കേണ്ട കോര്‍ട്ട് ഫീ 1500 രൂപയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്ര ഭീമമായ സംഖ്യ കോര്‍ട്ട് ഫീസായി നിലവിലില്ല. മോഹന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ ഫീസ് വര്‍ധന നടപ്പാക്കരുതെന്നും പൊതുജനങ്ങളുടെ അഭിപ്രായവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്തു കൊണ്ടുള്ള ഒരു തീരുമാനം കൈകൊള്ളണമെന്നും അഡ്വ. എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.