മല്ലപ്പള്ളി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ ഒരു സംവിധാനം കണ്ടെത്താൻ, ലോകം മുഴുവൻ സഞ്ചരിച്ച് അറിവ് നേടിയവർ അടങ്ങുന്ന മലയാളി സമൂഹത്തിന് കഴിയാത്തത് ലജ്ജാകരമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ജനപ്രതിനിധികൾ പോലും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. ജില്ലാ എജ്യു.ഫെസ്റ്റ് -പുസ്തകമേള ഭാഗമായി ശനിയാഴ്ച നടന്ന പരിസ്ഥിതി സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിശുചിത്വം മാത്രം ലക്ഷ്യമാക്കുകയും പരിസരശുചിത്വം മറക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കണം. അമിതമായി കരി പുറത്തുവിടുന്ന സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശം കാർബൺ വിനിമയ വിപണി എന്ന പേരിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവേൽ, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എസ്.വി.സുബിൻ, കെ.സതീഷ് ചന്ദ്രൻ, എബി മേക്കരിങ്ങാട്ട്, കുഞ്ഞു കോശി പോൾ, സുരേഷ് നവദീപ്, കെ.ആർ. പ്രദീപ് കുമാർ, ഷിനു കുര്യൻ, അനു കുറിയന്നൂർ, എൻ.കെ.സുഭാഷ് ലാൽ, ജിജു വൈക്കത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു. ശ്രീചിത്ര സമിതിക്ക് പുറമെ ത്രിതല പഞ്ചായത്തുകളും മല്ലപ്പള്ളി പ്രസ് ക്ലബും ചേർന്ന് നടത്തിയ പരിപാടി സമാപിച്ചു.
മാലിന്യ സംസ്കരണത്തിന് അനുയോജ്യ സംവിധാനം ഇല്ലാത്തത് ലജ്ജാകരം; എംപി ആന്റോ ആന്റണി
Advertisements