വലവൂർ ഗവ.യുപി സ്കൂളിൽ വിദ്യാവനം പദ്ധതിക്ക് തുടക്കമായി

വലവൂർ ഗവ.യുപി സ്കൂളിൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിക്ക് തുടക്കമായി. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിലെ അഞ്ച് സെന്റ് സ്ഥലത്താണ് വിദ്യാവനം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് വനവത്ക്കരണ രീതിയായ മിയാവാക്കി വനം തയ്യാറാക്കുന്നത്. പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണത്. ഒരു ചതുരശ്ര മീറ്ററിൽ 4 – 5 ചെടികളാണ് നടുന്നത്. വള്ളി ചെടികൾ, കുറ്റി ചെടികൾ, ചെറു മരങ്ങൾ, വൻ മരങ്ങൾ എന്നിവ ഇട കലർത്തി നടുന്നത് വഴി വനത്തിനുള്ള പല തട്ടിലുള്ള ഇലച്ചാർത്ത് ഉറപ്പാക്കുന്നു.

Advertisements

രുദ്രാക്ഷം, കുമ്പിൾ, കമ്പകം, നെടു നാര്, പന, ചാമ്പ, പേര, ടെക്കോമ, റംബുട്ടാൻ , ദന്തപ്പാല, കറിവേപ്പ്, മൂട്ടിപ്പുളി , ആര്യവേപ്പ്, ഈട്ടി, തേക്ക്,ജാതി, വയ്യങ്കത, നെല്ലി, അശോകം തുടങ്ങി ഏതാണ്ട് 400 ഓളം വൈവിധ്യമാർന്ന സസ്യങ്ങളാണ് ഇവിടെ നടുന്നതെന്നും അവ പരിപാലിക്കാനുള്ള ഉത്തരവാദിത്വം വിദ്യാർത്ഥികളായ നിങ്ങൾക്കാണ് എന്നും പൊൻകുന്നം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരികുമാർ കുട്ടികളോടായി പറഞ്ഞു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലാൽ, ഫോറസ്റ്റ് ഓഫീസർ അരുൺ, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി ജൈവവളങ്ങളും ചകിരിച്ചോറും മിക്സ്‌ ചെയ്ത് നിലം ഒരുക്കൽ ഒരു മാസം മുന്നേ തന്നെ നടത്തിയിരുന്നു. ഓരോ സസ്യവും തിരിച്ചറിയുന്നതിന് ക്യു ആർ കോഡ് ഉള്ള ലേബൽ ഓരോ വർഷത്തിലും ടാഗ് ചെയ്യുമെന്ന് ഫോറസ്റ്റ് അധികാരികൾ അറിയിച്ചു. പിടിഎ അംഗങ്ങളായ ജിജി ഫിലിപ്പ്, ഷെൽമി ജ്യോതിഷ്, സന്ധ്യ ബിജു, വിദ്യ അനൂപ്, ഷാജി എന്നിവരും നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ റോഷ്നി, ജ്യോൽസിനി, ചാൾസി, അഞ്ചു, രാഹുൽ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles