കോട്ടയം: ഇരുട്ടിനെ നീക്കുന്ന ദീപത്തിന്റെ ചൈതന്യമാണ് പന്തളം സ്വദേശി വരുൺ രാജിന്റെ ചിത്രങ്ങളുടെ കാതൽ. രചനയിൽ പ്രതിഫലിക്കുന്നത് ചിത്രങ്ങളിൽ നിറക്കൂട്ടുകളായി ഉപയോഗിച്ചിരിക്കുന്നത് ഓയിൽപെയിന്റും മഷിയുമാണ്. കോട്ടയം ഡി.സി കിഴക്കേമുറിയിടത്തിലുള്ള ലളിതകലാ അക്കാഡമി ഗാലറിയിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ഫ്ലൈമിങ് വിക്സ്’ (ജ്വലിക്കുന്ന തിരികൾ) ഏകാംഗ ചിത്രപ്രദർശനത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ, വാസ്തു രൂപങ്ങൾ എന്നിവയിലൂടെയുള്ള അമൂർത്ത ശൈലിയിലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രതീക്ഷ, വഴികാട്ടി തുടങ്ങിയ പല അർഥങ്ങളാണ് ചിത്രങ്ങളിലേത്. പടയണി, പഞ്ചഭൂതങ്ങളുടെ പ്രാതിനിധ്യം എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ ആശയങ്ങൾ.
അമൂർത്തവും അർദ്ധ അമൂർത്തവും പുരാതന ആശയങ്ങളുടെയും സമന്വയമാണ് വരുൺ രാജിന്റെ ‘ഫ്ലൈമിങ് വിക്സ്’ ചിത്രപ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം രൂപകലകളും പൂജാകോലങ്ങളും ആദ്ധ്യാത്മികമായി ഉൾപ്പെടുത്തിയിരിക്കുന്നു. പ്രാദേശികമായി നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള വരുൺ ആദ്യമായാണ് ഏകാംഗ ചിത്രപ്രദർശനം നടത്തുന്നത്. കെമിസ്ട്രി ബിരുദത്തിന് ശേഷം മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളജിലാണ് വരുൺ രാജ് ബി.എഫ്.എ കോഴ്സ് പൂർത്തിയാക്കിയത്. ഇപ്പോൾ എറണാകുളത്ത് ഫൈൻ ആർട്സിൽ ഉപരിപഠനം നടത്തുകയാണ്. ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ടി.ആർ ഉദയകുമാർ അധ്യക്ഷത വഹിച്ചു. മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ മനോജ് വൈലൂർ, ചിത്രകാരന്മാരായ അജി അടൂർ, പ്രമോദ് കൂരമ്പാല, വിഷ്ണു ടി.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രദർശനം 13ന് സമാപിക്കും.