കോട്ടയം: പാലായിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. 1.350 കിലോ കഞ്ചാവുമായി അസം ഉദൽബുരി പൊലീസ് സ്റ്റേഷനിൽ മൊസബദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹിരണ്യ ഗോർഹ് (34) എന്നയാളെ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അസമിൽ നിന്നും വിൽപ്പനയ്ക്കായി പാലായിലേയ്ക്ക് കഞ്ചാവുമായി എത്തിയതായിരുന്നു ഇയാൾ. ഇവിടെ എത്തിയ ശേഷം കഞ്ചാവ് ഉപഭോക്താക്കൾക്ക് കൈമാറുന്നതിനായി കാത്തു നിൽക്കുമ്പോഴാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. പാലായിലും പരിസര പ്രദേശത്തും ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളമായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. റെയിഡിൽ എക്സൈസ് കമ്മിഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , ഐബി അസി.എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത് കെ.നന്ത്യാട്ട്, പാലാ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ.വി , സിവിൽ എക്സൈസ് ഓഫിസർമാരായ വൈശാഖ് , രഞ്ജു രവി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി , എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.