കോട്ടയം: വാകത്താനത്ത് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിൽ മത്സരിക്കുന്നത് ബിജെപി അനുഭാവി. പ്രദേശത്തെ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തഴഞ്ഞാണ് സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ബിജെപി അനുഭാവിയ്ക്ക് സീറ്റ് നൽകിയിരിക്കുന്നത്. നാലു നാക്കൽ സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 40 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കുന്ന പി.പി കൃഷ്ണകുമാർ പുതുപ്പറമ്പിലാണ് സജീവ ബിജെപി പ്രവർത്തകനും, സോഷ്യൽ മീഡിയയിൽ ബിജെപി അനുഭാവിയുമാണ് എന്ന ആരോപണം ഉയർന്നത്. മനു ഗൗരി കൃഷ്ണ എന്ന ഫെയ്‌സ്ബുക്ക് ഐഡിയിലാണ് കൃഷ്ണ കുമാർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂർണമായും സംഘപരിവാർ അനുകൂല ആശയങ്ങളോട് ചേർന്നു നിൽക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങളും വീഡിയോയും ഇദ്ദേഹം ഷെയർ ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ബിജെപി അനുഭാവം പ്രകടിപ്പിച്ച ആളെ യുഡിഎഫ് പാനലിൽ മത്സരിപ്പിച്ചതാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകരും സജീവമായ കേന്ദ്രവുമാണ് വാകത്താനവും നാലു നാക്കലും. ഇവിടെയാണ് ഇപ്പോൾ സംഘ പരിവാർ അനൂകൂലിയെ യുഡിഎഫ് പാനലിൽ മത്സരിപ്പിച്ചിരിക്കുന്നത്. സജീവമായി പ്രവർത്തന രംഗത്തുള്ള ഒരു യൂത്ത് കോൺഗ്രസ് നേതാവിനെ പോലും പരിഗണിക്കാതെയാണ് ഇപ്പോൾ ഇദ്ദേഹത്തെ സഹകരണ ബാങ്ക് പാനലിലേയ്ക്കു പരിഗണിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. നേരത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലും നാലുനാക്കൽ ബാങ്ക് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.