പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതയിലേക്ക് എത്തിയ്ക്കാൻ ആക്ഷന്‍ പ്ലാന്‍ രൂപീകരണം; കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട:  ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍, കരുതല്‍ ഡോസ് എന്നിവ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും വാക്സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
വാക്‌സിനെടുത്തവരില്‍ കോവിഡ് വന്നാലും മാരകമാകുന്നവരുടെ എണ്ണം വളരെക്കുറവാണ് എന്നതിനാലാണ് പ്രത്യേക പഠനം നടത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. അതിനാല്‍ ജില്ലയില്‍ ഇനിയും വാക്‌സിന്‍ എടുക്കാനായുള്ളവര്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്നും ഇതിനായി എല്ലാ ജനങ്ങളുടേയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

Advertisements

ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ജില്ലയില്‍ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍കൂട്ടങ്ങള്‍ ഒഴിവാക്കണം. കോവിഡ് രോഗികളില്‍ അടിയന്തര ചികിത്സ ആവശ്യമാകുന്നവര്‍ക്കായി ആശുപത്രികളില്‍ കോവിഡ് ഒപികള്‍ വര്‍ധിപ്പിക്കും. ആശുപത്രികളില്‍ മറ്റുള്ള രോഗികളുടെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ മുടക്കം നേരിടില്ല. 
ജില്ലയില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട ഫീല്‍ഡ് തല പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക്  കണ്‍ട്രോള്‍ റൂം നമ്പരായ 0468-2228220, 0468-2322515  ബന്ധപ്പെട്ട് അറിയിക്കാമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍,  എഡിഎം അലക്‌സ് പി. തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ഡിഡിപി കെ.ആര്‍. സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles