പാലാ: രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശി അടിച്ച കൊടുക്കാറ്റ് മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ദുരിതബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഏഴാച്ചേരി, ഗാന്ധിപുരം ,വെള്ളിലാപ്പള്ളി, കൊണ്ടാട്, കൂടപ്പലം, രാമപുരം അമ്പലം ഭാഗം എന്നിവിടങ്ങളിലാണ് ശക്തയായ കാറ്റ് കനത്ത നാശം വിതച്ചത്. വ്യാപക കൃഷി നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.മരങ്ങൾ വീണ് നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തരമായി പ്രദേശത്ത് എത്തി നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തണമെന്നും ദുരിതബാധിതർക്ക് ഉടൻ ആശ്വാസ ധനം നൽകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും ജോസ് കെ മാണി പറഞ്ഞു.