12000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷണം പോയതായി പരാതി ; അരമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും 12000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷണം പോയെന്ന പരാതി ലഭിച്ച അരമണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി റെയിൽവേ പോലീസ്. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിൻകര പെരുമ്പഴത്തൂർ മാമ്പുഴക്കരയിൽ സോമനെ (65) യാണ് റെയിൽവേ പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ ബാഗിനുള്ളിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി കാട്ടി യാത്രക്കാരനാണ് റെയിൽവേ പോലീസിൽ പരാതി നൽകിയത്. തുടർന്ന് റെയിൽവേ പോലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനോടുവിൽ സിവിൽ പോലീസ് ഓഫീസർമാരായ ശരത് , അനിൽകുമാർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗിനുള്ളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും കണ്ടെത്തി. ഇയാൾക്ക് കോട്ടയം വെസ്റ്റ് തൃശ്ശൂർ തമ്പാനൂർ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ ഉണ്ട്. കോട്ടയം റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസിലും ഇയാൾ പ്രതിയാണ്. മറ്റൊരു മോഷണം കേസിൽ ജയിലിൽ ആയിരുന്ന ഇയാൾ ഒരാഴ്ച മുൻപാണ് മാവേലിക്കര സബ് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്.

Advertisements

Hot Topics

Related Articles