കോട്ടയം : കേരള എക്സ്പ്രസിന്റെ പാൻട്രികാർ തകരാറിൻ ആയതിനാൽ ഒരു മണിക്കൂറോളമായി കേരള എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ട്രെയിൻ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിൽ. വ്യാഴാഴ്ച വൈകിട്ട് നാലു പതിനഞ്ചോടു കൂടിയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കേരള എക്സ്പ്രസ് എത്തിയത്. ഇവിടെ എത്തുന്നതിനു മുൻപ് തന്നെ പാൻട്രി കാറിലെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. 2.50 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് ഇന്ന് എത്തിയത്. ഇതിനു പിന്നാലെയാണ് ട്രെയിനിലെ പാൻട്രി കാർ തകരാറിലായത്. തുടർന്ന് ഇപ്പോൾ പാൻട്രി കാർ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ട്രെയിനിന്റെ മധ്യഭാഗത്തായാണ് പാൻട്രിക്കാർ സ്ഥാപിച്ചിരിക്കുന്നത്. ഇത് നീക്കം ചെയ്യുന്നതിനായി ഒരു ഭാഗത്തെ ബോഗികൾ പൂർണമായും മാറ്റേണ്ടതുണ്ട്. ഇതിനുശേഷമാവും . പുതിയത് പിടിപ്പിക്കുക. ഈ സാഹചര്യത്തിൽ ട്രെയിൻ ഇനിയും ഒരു മണിക്കൂർ എങ്കിലും വൈകി മാത്രമേ യാത്ര തുടരു എന്നാണ് ലഭിക്കുന്ന സൂചന. എറണാകുളം ഭാഗത്തേക്ക് പോകണ്ട യാത്രക്കാർ അടക്കം ഇതോടെ വലഞ്ഞിട്ടുണ്ട്.