കോട്ടയം കഞ്ഞിക്കുഴിയിൽ റോഡിലെ കുഴിയിൽ വീണ് എസ്.എച്ച് ആശുപത്രിയിലെ നഴ്‌സിനും ഭർത്താവും പരിക്ക്; അപകടമുണ്ടായത് അടിയന്തര ജോലിയ്ക്കായി ആശുപത്രിയിലേയ്ക്കു വരുന്നതിനിടെ

കോട്ടയം: കഞ്ഞിക്കുഴിയിലെ റോഡിലെ കുഴിയിൽ വീണ് ദമ്പതിമാർക്ക് പരിക്ക്. എസ്.എച്ച് ആശുപത്രിയിലെ നഴ്‌സിനും ഭർത്താവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എസ്.എച്ച് ആശുപത്രിയിലെ നഴ്‌സ് അർച്ചന, രഞ്ജിത്ത് എന്നിവരെ കോട്ടയം എസ്.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 18 വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മണർകാട് ഇല്ലിവളവിലാണ് ഇവരുടെ വീട്. ഇല്ലിവളവിലെ വീട്ടിൽ നിന്നും അടിയന്തര ജോലികൾക്കായി കോട്ടയം എസ്.എച്ച് ആശുപത്രിയിലേയ്ക്കു രാത്രിയിൽ എത്തുകയായിരുന്നു ഇരുവരും. എമർജൻസി കോൾ ഡ്യൂട്ടിയിൽ ഡയാലിസിസ് സെന്ററിലാണ് നഴ്‌സ് ജോലി ചെയ്തിരുന്നത്. ഈ ഡ്യൂട്ടിയിൽ അടിയന്തരമായി എത്തുന്നതിനു വേണ്ടി പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി വഴി ആശുപത്രിയിലേയ്ക്കു വരികയായിരുന്നു ഇരുവരും. ഇതിനിടെയാണ് കഞ്ഞിക്കുഴി ഗോകുലം ഫ്‌ളാറ്റിനു മുന്നിലെ റോഡിലെ കുഴിയിൽ വീണ് ഇവർക്ക് പരിക്കേറ്റത്. കുഴിയിൽ വീണ സ്‌കൂട്ടർ നിയന്ത്രണം നഷ്ടമായി റോഡിൽ മറിയുകയായിരുന്നു. സമയം കഴിഞ്ഞിട്ടും സഹപ്രവർത്തകയെ കാണാതെ വന്നതോടെ എസ്.എച്ച് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ മറ്റൊരു നഴ്‌സ് ചിക്കു തോമസ് വിളിച്ച് അന്വേഷിച്ചു. ഇതോടെയാണ് അപകടം ഉണ്ടായ വിവരം അറിഞ്ഞത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Advertisements

Hot Topics

Related Articles