കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ചിറ്റക്കാട്ട് കോളനിയിൽ കല്ലുങ്കൽ വീട്ടിൽ ഒറാൻ എന്ന് വിളിക്കുന്ന രാജീവ് ബൈജു (23), നാഗമ്പടം പനയക്കഴുപ്പ് കോളനി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കൊച്ചപ്പു എന്ന് വിളിക്കുന്ന ആദർശ് സന്തോഷ് (24), അയ്മനം മാങ്കീഴേപ്പടി വീട്ടിൽ വിനീത് സഞ്ജയൻ (37), അയ്മനം ഐക്കരമാലിൽ വീട്ടിൽ മിഥുൻ ലാൽ (21), കുറുപ്പന്തറ വള്ളി കാഞ്ഞിരം വീട്ടിൽ സുധീഷ് (28), പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ വിശ്വജിത്ത് (24) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 07.00 മണിയോടുകൂടി അയ്മനം സ്വദേശിയായ 21 കാരന്റെ വീട്ടിൽ അതിക്രമിച്ച കയറി ഇയാളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന മാരക ആയുധങ്ങളായ കമ്പി വടിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.ആക്രമണത്തില്‍ യുവാവിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് രണ്ടാഴ്ച മുൻപ് രാജീവ് ബൈജു യുവാവിനെ വീടിന് സമീപം വച്ച് ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ സുഹൃത്തുക്കളുമായെത്തി യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചത് . തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട വിനീത് സഞ്ജയന് ഇതിനുപുറമേ ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കുമരകം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും, രാജീവ് ബൈജുവിന് ഗാന്ധിനഗർ, വൈക്കം, ചങ്ങനാശ്ശേരി, പാലാ എന്നീ സ്റ്റേഷനുകളിലും, ആദർശ് സന്തോഷിന് ഗാന്ധിനഗർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും, വിശ്വജിത്തിന് കോട്ടയം ഈസ്റ്റ് പാമ്പാടി ചിങ്ങവനം എന്നീ സ്റ്റേഷനുകളിലും കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ വിദ്യ.വി, സി.പി.ഓ മാരായ ശ്യാം. എസ്. നായർ, നിതാന്ത് കൃഷ്ണൻ, രാജേഷ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആറുപേരെയും റിമാൻഡ് ചെയ്തു.